ദാസ്യപ്പണി വിവാദം: പൊലീസിനെ അടച്ച് ആക്ഷേപിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം∙ ദാസ്യപ്പണി വിവാദത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുത്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. ചില ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന്റെ പേരിൽ തെറ്റായ കണക്കുകളും ആരോപണങ്ങളുമാണു മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായും ജനങ്ങൾക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതായും ലോക്നാഥ് ബെഹ്റ അഭിപ്രായപ്പെട്ടു.

പഴ്സനൽ സ്റ്റാഫ് നിയമനത്തിലെ ഉത്തരവുകൾ എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നതായി ഉറപ്പു വരുത്തുമെന്നും ഡിജിപി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, മലപ്പുറം എസ്പിയുടെ വീട്ടിൽ ഇന്നും ദാസ്യപ്പണിയെന്ന് ആരോപണം ഉയർന്നു. രണ്ടുപേരെ ജോലിക്കു നിയോഗിച്ചതായി ക്യാംപ് ഫോളോവേഴ്സ് അസോസിയേഷൻ ആരോപിച്ചു.