ഉരുൾ പൊട്ടിയ വെറ്റിലപ്പാറയില്‍ ക്വാറി; 35 കുടുംബങ്ങള്‍ക്ക് ഭീഷണി

മലപ്പുറം ∙ ഉരുൾപൊട്ടലുണ്ടായ അരീക്കോട് വെറ്റിലപ്പാറയില്‍ വീണ്ടും ക്വാറിക്കു നീക്കം. ഉരുള്‍പൊട്ടലിന് കാരണമാകുംവിധം മണ്ണുമലയുണ്ടാക്കിയ ക്വാറിമാഫിയയാണ് തൊട്ടു മീതെയുളള മലനിര പൊട്ടിക്കാന്‍ ശ്രമം തുടങ്ങിയത്. സഹ്യപര്‍വത നിരയിലെ ഉയരം കൂടിയ ചെക്കുന്നന്‍ മലവാരത്തിന്റെ മറുവശം പൊട്ടിച്ചു മാറ്റാനാണ് ശ്രമം. ഇതേത്തുടർന്ന് 35 കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 1975 അടി ഉയരത്തിലാണ് മല.

നിലവില്‍ ക്വാറിക്കു വേണ്ടി മാറ്റിയ മണ്ണ് വിണ്ടുകീറി നില്‍ക്കുന്ന ഭാഗത്തുനിന്ന് ഇരുനൂറടി മീതെയുള്ള കൂരങ്കല്ല് മല കൂടി പൊട്ടിക്കാനാണ് നീക്കം. ഇതിനായി 20 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈക്കലാക്കിക്കഴിഞ്ഞു. ഇവിടേക്കു റോഡും നിര്‍മിച്ചു. നിലവിലുളള ക്വാറിയിലെ  പാറ പൊട്ടിച്ചു തീര്‍ന്ന ശേഷം മുകളിലത്തെ മലയില്‍ കണ്ണു വച്ചാണ് നീക്കം. മുന്‍പ് പലവട്ടം ഉരുള്‍പൊട്ടലുണ്ടായതിന്റെ ഭീതിയില്‍ കഴിയുന്ന ജനങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായ ഒതായി ചാത്തല്ലൂര്‍ മലയുടെ  മറുവശത്താണ് ഈ പാറ.

മഴ ശക്തമായതോടെ, നിലവിലുളള ക്വാറിക്ക് സമീപം വിണ്ടു കീറി നില്‍ക്കുന്ന ആയിരക്കണക്കിനു ലോഡ് മണ്ണ് എപ്പോള്‍ വേണമെങ്കിലും ജനവാസ മേഖലയിലേക്കെത്താം. ഇവിടെയുള്ള കുടുംബങ്ങൾ വീടൊഴിഞ്ഞു പോവേണ്ട സാഹചര്യമാണ് ഇപ്പോൾ.