രാത്രിയിൽ അപ്രതീക്ഷിത സന്ദർശനം; വാജ്പേയിയുടെ ആരോഗ്യവിവരം തിരക്കി മോദി

ജൂൺ 11ന് എഐഐഎംഎസിൽ വാജ്പേയിയെ സന്ദർശിക്കാനെത്തിയ മോദി.

ന്യൂഡൽഹി∙ ഓൾ‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എഐഐഎംഎസ്) ചികിത്സയിലുള്ള മുതിർന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാത്രി ഒൻപതോടെ എഐഐഎംഎസിൽ നേരിട്ടെത്തിയായിരുന്നു മോദി വിവരങ്ങൾ തിരക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. 20 മിനുറ്റോളം ആശുപത്രിയിൽ ചെലവിട്ട ശേഷം മോദി മടങ്ങി.

അതേസമയം വാജ്പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. കാർഡിയോ–തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു.

93 വയസ്സുള്ള വാജ്പേയിയെ ജൂൺ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.