ഗവാസ്കർക്കെതിരായ പരാതി പൊളിയുന്നു; എഡിജിപിയുടെ മകൾക്ക് കാലിൽ പരുക്കില്ല

മർദനമേറ്റ പൊലീസുകാരൻ ഗാവസ്കർ (ഇടത്), എഡിജിപി സുധേഷ് കുമാർ (വലത്)

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരായ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ പരാതിക്കു തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഗവാസ്കറെ മര്‍ദിച്ച കേസില്‍ തെളിവുണ്ടെന്നും വിലയിരുത്തല്‍. അതേസമയം സംഭവം നടന്ന ഒരാഴ്ചയിലേറെയായിട്ടും എഡിജിപിയുടെ മകളുടെ അറസ്റ്റ് വൈകുകയാണ്. ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടാന്‍ അവസരമൊരുക്കാനാണു നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് ആരോപണം.

ഗവാസ്കര്‍ മനപ്പൂര്‍വം പൊലീസ് ജീപ്പ് കാലില്‍ കയറ്റി പരുക്കേല്‍പ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമാണു സുദേഷ്കുമാറിന്റെ മകളുടെ പരാതി. ആശുപത്രി രേഖയിലും പരാതിയിലും പൊരുത്തക്കേടുകള്‍ കണ്ടതോടെ കള്ളപ്പരാതിയെന്നു സംശയമുണ്ടായിരുന്നു. ഇതിനൊപ്പം കാലില്‍ പരുക്കില്ലെന്നു ഡോക്ടര്‍ മൊഴി നല്‍കി. വാഹനം ഇടിച്ചതിന്റെ സൂചനയില്ലെന്നു മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയിലും കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇതുവരെ ഗവാസ്കര്‍ മോശമായി പെരുമാറിയതിനു സാക്ഷികളില്ല.

ഇങ്ങിനെ എഡിജിപിയുടെ മകളുടെ പരാതി ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. അതേസമയം, ഗവാസ്കറിന്റെ കഴുത്തില്‍ സാരമായി പരുക്കേറ്റെന്ന് ആശുപത്രി രേഖകള്‍ തെളിയിക്കുന്നുണ്ട്. ഗവാസ്കറിന്റെ പരാതി ശരിവച്ച് ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് 12 ദിവസമായിട്ടും എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. എഡിജിപിയുടെ വീട്ടിലെത്തി മൊഴിയെടുത്തതല്ലാതെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുപോലുമില്ല.

സാക്ഷികളുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ എഡിജിപി ശ്രമിച്ചിരുന്നു. ഇതിനു സാവകാശം നല്‍കാനും ഒത്തുതീര്‍പ്പിന് അവസരമൊരുക്കാനുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.