Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവാസ്കർ പ്രശ്നം: ആരും പിന്തുണച്ചില്ലെന്ന് എഡിജിപി; ചെവികൊടുക്കാതെ മറ്റുള്ളവർ

police-ips

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറെ തന്റെ മകൾ മർദ്ദിച്ച കേസ് വന്നപ്പോൾ ആരും സംരക്ഷിക്കാൻ എത്തിയില്ലെന്ന് എഡിജിപി സുദേഷ്‌കുമാറിന്റെ പരാതി. ഐപിഎസ് അസോസിയേഷൻ യോഗത്തിലാണ് അദ്ദേഹം ആക്ഷേപം ഉന്നയിച്ചത്. ഗവാസ്ക്കറിനെ ചില ഉന്നത ഉദ്യോഗസ്ഥർ ഫോണിലും മറ്റും വിളിച്ചതായി അറിഞ്ഞുവെന്നു പറഞ്ഞ സുദേഷ്കുമാർ എന്നാൽ ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകരാരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്നും പറഞ്ഞു.

ഗവാസ്കർ വിഷയം സുദേഷ്കുമാർ തന്നെയാണ് യോഗത്തിൽ എടുത്തിട്ടത്. എന്നാൽ യോഗത്തിനായി ഒത്തുകൂടിയ മറ്റു ഐപിഎസുകാർ ഇതിൽ കാര്യമായ പ്രതികരണം അറിയിച്ചില്ല. ഇതോടെ വികാരാധീനനായി സംസാരിച്ച എഡിജിപി ആപത്ത് വന്നപ്പോൾ സംരക്ഷിക്കാത്ത അസോസിയേഷനെ തനിക്ക് ആവശ്യമില്ലെന്നും പറഞ്ഞു. ഒടുവിൽ സുദേഷിന്റെ വികാരം മനസിലാക്കുന്നുവെന്നും ഇതിൽ സംഘടനയ്ക്കു പാളിച്ചയുണ്ടെങ്കിൽ പരിശോധിക്കാമെന്നും യോഗത്തിൽ അധ്യക്ഷനായ ഡിജിപി എ.ഹേമചന്ദ്രൻ പറഞ്ഞു.

സുദേഷിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ചതു വിവാദമായതോടെ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നു നീക്കിയിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ ചേർന്ന യോഗത്തിൽ സുദേഷ് കുമാർ പങ്കെടുത്തിരുന്നില്ല. എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ പൊലീസുകാരുടെ ദാസ്യപ്പണി വിവാദമായിരുന്നു. ഇതേത്തുടർന്ന് അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കത്തു നൽകുകയും ചെയ്തു. 40 പേർ ഒപ്പിട്ട കത്താണ് അസോസിയേഷൻ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനു കൈമാറിയത്. ഉന്നത പൊലീസുകാർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിക്കാത്തതിനെ തുടർന്ന് തച്ചങ്കരിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നത് വാർത്തയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച യോഗം ചേർന്നത്. 

ഈ പ്രശ്നത്തിൽ അംഗങ്ങൾക്കു വേണ്ടി അസോസിയേഷൻ രംഗത്തു വന്നില്ലെന്നതായിരുന്നു നേരത്തെ സമാന്തര യോഗം നടത്തിയവരുടെ പരാതി. തച്ചങ്കരിയും സുദേഷ് കുമാറും ഒരേ ബാച്ച് (1987) ഉദ്യോഗസ്ഥരാണ്. സെപ്റ്റംബർ 16 ലെ യോഗത്തിൽ കരടു നിയമാവലി അവതരിപ്പിക്കാനും ഭാരവാഹികളെ തിരഞ്ഞെടുക്കാനുമാണു പുതിയ തീരുമാനമെന്ന് അറിയുന്നു. നിലവിലെ ധാരണയനുസരിച്ച് എഡിജിപി ടോമിൻ തച്ചങ്കരി പ്രസിഡന്റായും എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. 

ഭിന്നിപ്പിന് തുടക്കം മുഖ്യമന്ത്രിയുടെ യോഗത്തിൽ

ജൂൺ അവസാനവാരം പൊലീസ് ആസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിന്റെ തുടർച്ചയായി നടന്ന യോഗത്തിലായിരുന്നു ഐപിഎസ് നേതൃത്വത്തിനുള്ളിലെ ആദ്യ പൊട്ടിത്തെറി. മുഖ്യമന്ത്രി മടങ്ങിയശേഷവും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ യോഗം തുടർന്നു. ഇതിനിടെ, ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ ചേരണമെന്ന ആവശ്യവുമായി തച്ചങ്കരി എഴുന്നേറ്റു. ഡ്രൈവർക്കു മർദനമേറ്റതിനെ തുടർന്ന് ഐപിഎസുകാരെ അടച്ചാക്ഷേപിച്ചു വാർത്തകൾ വന്നിട്ടും പ്രതിരോധിക്കാൻ അസോസിയേഷൻ രംഗത്തുവന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. 

ബാർബർമാരും തോട്ടക്കാരും ക്യാംപ് ഫോളോവർമാരുടെ പ്രതിനിധികളായി വന്നു ചാനലുകളിൽ ആരോപണം ഉന്നയിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ ഉദ്യോഗസ്ഥരായ രാഹുൽ ആർ.നായർ, ഹരിശങ്കർ, ജയനാഥ് തുടങ്ങിയവരാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, അസോസിയേഷൻ അച്ചടക്കമുള്ള സംഘടനയാണെന്നും പരസ്യ പ്രതികരണത്തിനു കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മുൻ സെക്രട്ടറി ഐജി മനോജ് ഏബ്രഹാം രംഗത്തെത്തി. അതിനിടെ ബെഹ്റ ഇടപെട്ടു ചർച്ച അവസാനിപ്പിക്കുകയായിരുന്നു. 

ഇപ്പോൾ യോഗം ചേരരുതെന്നും അതു മുഖ്യമന്ത്രിയുടെ പ്രസംഗത്തോടുള്ള വിയോജിപ്പായി ചിത്രീകരിക്കപ്പെടുമെന്നും ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ ബെഹ്റ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു വൈകിട്ട് പൊലീസ് ആസ്ഥാനത്ത് എസ്പി പി.എൻ.ഉണ്ണിരാജൻ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യാത്രയയപ്പു ചടങ്ങു തീർന്നയുടൻ ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം അവിടെ ഇരിക്കണമെന്നു തച്ചങ്കരി ആവശ്യപ്പെട്ടു. എന്നാൽ ഡിജിപിമാരായ എ.ഹേമചന്ദ്രൻ, മുഹമ്മദ് യാസിൻ, എഡിജിപി ആർ.ശ്രീലേഖ എന്നിവർ ഉൾപ്പെടെ ഏതാനും പേർ അപ്പോൾ തന്നെ മടങ്ങി. 

ഇതോടെ ഐപിഎസ് അസോസിയേഷൻ നിർജീവമാണെന്നും ഉടൻ യോഗം ചേർന്നു നിയമാവലി രൂപീകരിച്ചു റജിസ്റ്റർ ചെയ്യണമെന്നും ആവശ്യമുയരുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ഐപിഎസുകാരുടെ കയ്യൊപ്പിനായി ജില്ലകളിലേക്കു വിടുകയും ചെയ്തു. സംഘടന റജിസ്റ്റർ ചെയ്യണം, നിയമാവലി അംഗീകരിക്കണം എന്നിവയാണ് അടിയന്തര യോഗത്തിനു കാരണമായി ഉന്നയിക്കപ്പെട്ടത്. 

related stories