ബ്ലൂ ബ്ലാക്ക്മെയിലിങ്: യുവതിയും ഭർത്താവും ആറു യുവാക്കളും പിടിയിൽ

തിരുവനന്തപുരം ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടിയ യുവതിയും സംഘവും തലസ്ഥാനത്തു പിടിയില്‍. ചാറ്റിലൂടെ സൗഹൃദംനടിച്ചു വലയില്‍വീഴ്ത്തിയ യുവാക്കളില്‍ നിന്നാണു പണം തട്ടാന്‍ ശ്രമിച്ചത്. കണ്ണമ്മൂല സ്വദേശിനിയായ യുവതിയേയും ഭര്‍ത്താവുള്‍പ്പെടെ ആറു യുവാക്കളേയും പേട്ട പൊലീസാണു പിടികൂടിയത്.   

ഫെയ്സ്ബുക് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പണം തട്ടാന്‍ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. കണ്ണമ്മൂലയിലെ വീട്ടിലെത്തിയ യുവാക്കളില്‍നിന്നു മര്‍ദിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയും 40,000 രൂപയും മൊബൈല്‍ഫോണും എടിഎം കാര്‍ഡും സംഘം തട്ടിയെടുത്തു.

കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതിനിടെ, കോഴിക്കോട് നഗരത്തിൽ ബ്ലാക്ക്മെയിലിങ്ങിലൂടെ പണംതട്ടുന്ന പെൺവാണിഭ സംഘങ്ങൾ വിലസുന്നതായുള്ള വിവരത്തെ തുടർന്നു സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെ ഇടപാട് പറഞ്ഞുറപ്പിച്ച് പെൺകുട്ടികളെ എത്തിച്ചു നൽകിയ ശേഷം അവരുമൊത്തുള്ള ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തും. തുടർന്നു ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണപ്പെടുത്തിയാണു പണംതട്ടൽ.

എന്നാൽ, മാനഹാനി ഭയന്ന് ആരും പൊലീസിൽ പരാതിപ്പെടാത്തതിനാൽ കൃത്യമായ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസ്സമാകുന്നുണ്ട്. സംഭവത്തെക്കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചും സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം. സ്ത്രീകളും കുപ്രസിദ്ധ ഗുണ്ടകളും ഉൾപ്പെടുന്ന സംഘമാണു പിന്നിൽ.