വ്യാപാരയുദ്ധ കാഹളത്തിൽ വിറച്ച് രൂപ; മൂല്യത്തകർച്ചയ്ക്ക് നാലു കാരണങ്ങൾ

കൊച്ചി ∙ ഡോളറിനെതിരെ 69 നിലവാരത്തിലേക്ക് ഇടിഞ്ഞ് ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക്. ഇന്നലെ 30 പൈസയുടെ നഷ്ടം നേരിട്ട രൂപ ഇന്നു വ്യാപാരം ആരംഭിച്ചപ്പോൾത്തന്നെ ശക്തമായി ഇടിഞ്ഞതോടെയാണ് ഏറ്റവും മോശം നിലവാരത്തിലേക്കു പതിച്ചത്. ഡോളർ കൂടുതൽ ശക്തി പ്രാപിക്കുന്നതും എണ്ണവിലയിലുണ്ടാകുന്ന കയറ്റവും ആഗോളതലത്തിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധകാഹളവുമെല്ലാം രൂപയുടെ ക്ഷീണം വർധിപ്പിക്കുകയാണ്. 0.7 ശതമാനം മൂല്യത്തകർച്ച നേരിട്ട രൂപ ഇന്നു വ്യാപാരത്തിനിടെ 69.09 നിലവാരത്തിലെത്തി. 

2016 നവംബറിലായിരുന്നു ഇതിനുമുൻപ് രപയുടെ മൂല്യം ഏറ്റവും മോശമായത്. അന്ന് 68 രൂപ 86 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 69 കടന്നതോടെ റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടൽ വിപണിയിലുണ്ടായേക്കും.

മൂല്യത്തകർച്ച– നാലു കാരണങ്ങൾ

∙ഉയരുന്ന ഡോളർ ആവശ്യം

ഡോളറിന് എല്ലാ മേഖലകളിൽനിന്നും ആവശ്യക്കാരേറുന്നതാണു മറ്റു രാജ്യങ്ങളിലെ കറൻസികളെയെല്ലാം തളർത്തുന്നത്. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് ഡോളർ ശക്തി പ്രാപിക്കുകയാണ്. 

∙ഒപെക് തീരുമാനങ്ങൾ

അടുത്ത കാലത്തെല്ലാം രൂപയെ തളർത്തിയത് ദിനംപ്രതി ഉയരുന്ന അസംസ്ക‌ൃത എണ്ണവിലയാണ്. എണ്ണയ്ക്കുവേണ്ടി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് എണ്ണവില എന്നും തലവേദന സൃഷ്ടിക്കാറുണ്ട്. ഡോളറിൽത്തന്നെ എണ്ണയുടെ വില നൽകേണ്ടി വരുന്നതിനാലാണിത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് കഴിഞ്ഞ ആഴ്ച കൈക്കൊണ്ട തീരുമാനമാണ് രൂപയുടെ വില റെക്കോർഡ് താഴ്ചയിലെത്താനുള്ള കാരണം. എണ്ണ ഉൽപാദനം കൂട്ടുമെന്ന് ഒപെക് രാജ്യങ്ങളിലെ മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും എത്രമാത്രം കൂട്ടുമെന്നു വ്യക്തമാക്കിയിട്ടില്ല. വില കൂടുന്ന സാഹചര്യത്തിൽ ഉചിതമായ നടപടി ലോകവിപണി ഒപെക്കിൽ നിന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ മന്ത്രിമാരിൽനിന്നു വ്യക്തത ലഭിക്കാത്തത് വിപണിയെ ബാധിച്ചിട്ടുണ്ട്. ഇത് എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ കറൻസികളെ സമ്മർദത്തിലാക്കുകയാണ്.

∙ വ്യാപാരയുദ്ധകാഹളം

അമേരിക്ക–ചൈന വ്യാപാരയുദ്ധം മുറുകുന്നതും നാണ്യവിപണിയെ ബാധിക്കുന്നുണ്ട്. ചൈനീസ് ഉൽപന്നങ്ങൾക്കു പ്രത്യേക താരിഫ് ചുമത്തുന്ന അമേരിക്കയുടെ നടപടി ചൈനീസ് കറൻസിയുടെ മൂല്യമിടിക്കുകയാണ്. ഈ മൂല്യത്തകർച്ച ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെയെല്ലാം മൂല്യമിടിച്ചു. 

∙ മറ്റു വിപണികളുടെ സ്വാധീനം

മറ്റു വിപണികളുടെ സ്വാധീനവും രാജ്യത്തെ നാണയ വിപണിയെ ബാധിക്കുന്നുണ്ട്. ചൈനീസ് കറൻസി യുവാൻ കുത്തനെ ഇടിയുകയാണ്. ഓഹരി വിപണികളിലും നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഏഷ്യൻ ഓഹരി വിപണികൾ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണു വ്യാപാരം നടത്തുന്നത്.