റോഡിൽ വിള്ളൽ; മുംബൈ നഗരത്തിൽ ഗതാഗതം വഴിതിരിച്ചു വിടും

മുംബൈയിൽ റെയിൽവേ പാളത്തിനു മുകളിലേക്കു പാലം തകർന്നുവീണപ്പോൾ. ചിത്രം: മനോരമ

മുംബൈ∙ നഗരത്തിലെ ഗ്രാന്റ് റോഡ് സ്റ്റേഷനു സമീപമുള്ള മേൽപ്പാതയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു പാത അടച്ചു. ഇതിലൂടെയുള്ള ഗതാഗതം പൂർണ്ണമായും വഴിതിരിച്ചു വിടും. റോഡിലെ ഡിവൈഡറിനു മധ്യത്തിലൂടെ നെടുനീളത്തിലുള്ള വിള്ളൽ അപകടസാധ്യത ഉയർത്തുന്നതിനാലാണ് പാത അടച്ചതെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ അന്ധേരിയിൽ കനത്ത മഴയിൽ റെയിൽവേ മേൽപ്പാലം തകർന്ന് അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. നാൽപ്പതു വർഷം പഴക്കമുള്ള പാലം, അധികൃതരുടെ അനാസ്ഥയെ തുർന്നാണ് തകർന്നതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഗ്രാന്റ് റോഡ് സ്റ്റേഷനു സമീപമുള്ള മേൽപ്പാതയിൽ വിള്ളൽ കണ്ടെത്തിയത്.

ഇതു കൂടാതെ നഗത്തിലെ 450ഓളം വരുന്ന മേൽപ്പാലങ്ങളിലും നടപ്പാതകളിലും റെയിൽവെ, മുംബൈ ഐഐടി ഡയറക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തുമെന്നു റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.