ഡ്രൈവറെ മർദിച്ച കേസിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കിയേക്കും

ഗവാസ്കർ, എഡിജിപി സുദേഷ് കുമാർ

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ എഡിജിപി സുദേഷ്കുമാറിന്റെ മകളുടെ അറസ്റ്റ് ഒഴിവാക്കിയെക്കും. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം അറസ്റ്റ് നിർബന്ധമല്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.

ഗവാസ്കറിന്റെ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി 19ലേക്കു മാറ്റിയതോടെ അന്വേഷണത്തിനു കൂടുതൽ സമയം ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതിനാൽ ഉടൻ അറസ്റ്റ് വേണ്ടെന്നു തീരുമാനിച്ചു. മാത്രവുമല്ല എഡിജിപിയുടെ മകൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പും ലഭിച്ചിരിക്കുന്ന തെളിവുകളും പ്രകാരം പരമാവധി നാലു വർഷം വരെ ശിക്ഷ കിട്ടുകയുള്ളു. ഏഴു വർഷത്തിൽ താഴെ ശിക്ഷ കിട്ടുന്ന കേസുകളിൽ സ്ത്രീകളുടെ അറസ്റ്റ് നിർബന്ധമില്ലെന്നു നിയമമുണ്ടെന്നും പൊലീസ് വാദിക്കുന്നു. അതിനാൽ ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ച ശേഷം പ്രതി ചേർത്തു കോടതിയിൽ റിപ്പോർട് നൽകിയാൽ മതിയെന്നുമാണു നിലവിലെ തീരുമാനം.

ഗവാസ്കർക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമല്ലെന്നു സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ലഭിക്കുമോയെന്ന് അന്വേഷിക്കാനും ശ്രമം തുടങ്ങി. ഗവാസ്കറുമായുള്ള തർക്കത്തിനുശേഷം സുദേഷ്കുമാറിന്റെ മകളും ഭാര്യയും കയറിയ ഓട്ടോക്കാരന്റെ മൊഴിയെടുക്കാനാണു നീക്കം. ഇങ്ങനെ അന്വേഷണം വൈകുമെന്ന് ഉറപ്പായതോടെ ആശങ്കയുമായി ഗവാസ്കറും രംഗത്തെത്തി.

അന്വേഷണത്തേക്കാൾ കോടതി ഇടപെടലിലാണു ഗവാസ്കറിന്റെ പ്രതിക്ഷ.