ബിജെപിയുടെ ‘ഓഫർ’ നോക്കട്ടെ, തീരുമാനം എന്നിട്ടു പറയാം: നിതീഷ് കുമാർ

നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

പട്ന∙ ബിജെപിയുടെ ‘ഓഫർ’ എന്താണെന്നു നോക്കിയതിനു ശേഷം മാത്രം ബിഹാറിലെ സഖ്യം സംബന്ധിച്ച അന്തിമതീരുമാനം വ്യക്തമാക്കാമെന്ന് ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് എത്ര സീറ്റ് ബിജെപി നൽകുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും നിതീഷ് വ്യക്തമാക്കി.

ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് ഞായറാഴ്ച ചേർന്ന നിർവാഹകസമിതി യോഗത്തിൽ ചർച്ച നടത്തിയിരുന്നു. ‘ബിജെപിയെ സഹായിക്കാനോ പിന്തുണയ്ക്കാനോ എതിർക്കാനോ ഇല്ല. വരാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലും നിയമലഭാ തിരഞ്ഞെടുപ്പുകളിൽ ജെഡിയു ഒറ്റയ്ക്കു മത്സരിക്കും’– എന്നാണു പാർട്ടിയുടെ മുതിർന്ന നേതാവ് കെ.സി.ത്യാഗി യോഗശേഷം പറഞ്ഞത്.

ഗുജറാത്തിലും നാഗാലാൻഡിലും കർണാടകയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചില സീറ്റുകളില്‍ പാർട്ടി മത്സരിച്ചു. എല്ലായിടത്തും ജെഡിയുവിന്റെ അജൻഡയാണു മുന്നോട്ടു വച്ചത്. പാർട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ സ്വയം ഒറ്റപ്പെടുകയേയുള്ളൂവെന്നും ത്യാഗി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

നിർണായക കൂടിക്കാഴ്ച 12ന്

ബിജെപി പ്രസിഡന്റ് അമിത് ഷായും ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും 12നു നടത്തുന്ന കൂടിക്കാഴ്ച സഖ്യത്തിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും. ലോക്സഭാ തി‌രഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ സീറ്റുകൾ വേണമെന്നു ജെഡിയു കുറച്ചു ദിവസം മുൻപ് ആവശ്യമുന്നയിച്ചതോടെ സഖ്യത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരുന്നു. ഒറ്റയ്ക്കു മത്സരിക്കാൻ തയാറാണെന്നും നിതീഷ്കുമാർ അഭിപ്രായപ്പെട്ടിരുന്നു. ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട സഖ്യത്തിലേയ്ക്കു ജെഡിയു മടങ്ങിയേക്കുമെന്ന സംശയവും പ്രബലമാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇരുപത്തിരണ്ടും ജെഡിയുവിനു രണ്ടും സീറ്റാണു ലഭിച്ചത്. എന്നാൽ, അതിന്റെ അടിസ്ഥാനത്തിൽ അടുത്ത തവണ സീറ്റു വീതം വയ്ക്കുന്നതിനോടു ജെഡിയു യോജിക്കുന്നില്ല. 2015 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലാവണം ധാരണയെന്നാണ് അവരുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി, കോൺഗ്രസ് എന്നിവരുമായി ‘മഹാസഖ്യ’മുണ്ടാക്കിയാണു ജെഡിയു മത്സരിച്ചത്. കൂടുതൽ സീറ്റുകൾ ലഭിച്ചത് ആർജെഡിക്കാണെങ്കിലും നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്തി. പിന്നീട് ആർജെഡിയുമായി പിണങ്ങിപ്പിരിഞ്ഞ നിതീഷ് ബിജെപിയുമായി ചേർന്നു പുതിയ സർക്കാരുണ്ടാക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ കണക്കിലെടുക്കാതെ സീറ്റു വിഭജനം സാധ്യമല്ലെന്നാണു ജെഡിയു വാദം. സീറ്റു കുറവായിരുന്നെങ്കിലും അന്നു പാർട്ടിക്കു 16% വോട്ടുണ്ടായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റാണ് അവർ നേടിയത്.

എത്ര ലോക്സഭാ സീറ്റുകൾ ആവശ്യപ്പെടുമെന്നു ജെഡിയു വെളിപ്പെടുത്തുന്നില്ല. എങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി 30 സീറ്റുകളിലെങ്കിലും മത്സരിക്കാൻ താൽപ്പര്യപ്പെടും. ബിഹാറിൽ ആകെയുള്ളതു 40 ലോക്സഭാ സീറ്റു‌‌കളാണ്.