‘+5’ ഫോൺവിളിത്തട്ടിപ്പ്: ഇരയായവരിൽ പൊലീസുകാരും; ആപ്പിലാക്കിയത് ആപ്

തിരുവനന്തപുരം∙ ബൊളീവിയന്‍ നമ്പരില്‍നിന്നുള്ള ഫോണ്‍ തട്ടിപ്പിനിരയായവരില്‍ കൂടുതലും പൊലീസ് ഉദ്യോഗസ്ഥര്‍. പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ രണ്ട് മൊബൈൽ ആപ്പുകളില്‍നിന്നാണ് നമ്പരുകള്‍ ചോര്‍ന്നതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ആപ്പുകള്‍.

കഴിഞ്ഞയാഴ്ചയാണ് പലരുടേയും നമ്പരിലേക്ക് ‘+5’ എന്നു തുടങ്ങുന്ന നമ്പരില്‍നിന്ന് വിളികളെത്തിയത്. ഈ നമ്പരിലേക്ക് തിരികെ വിളിച്ചവര്‍ക്കെല്ലാം പണം നഷ്ടമായി. ഒരു കോളിന് 16 രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍പോലും ബൊളീവിയയില്‍നിന്നുള്ള വിളികളെത്തി. ചില ഉദ്യോഗസ്ഥരുടെ ഒന്നിലധികം ഔദ്യോഗിക നമ്പരുകളില്‍ ‘+5’ എന്നു തുടങ്ങുന്ന നമ്പരുകളില്‍നിന്ന് വിളിയെത്തിയതോടെയാണ് ആപ്പില്‍നിന്നാകും നമ്പര്‍ ചോര്‍ന്നതെന്ന സംശയത്തിലേക്ക് എത്തിയത്. 

ഇതേത്തുടര്‍ന്ന്, മൊബൈല്‍ കമ്പനികളോട് ഈ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈടെക് സെല്‍ കത്ത് നല്‍കി. ബിഎസ്എന്‍എല്‍ നമ്പരുകളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതലായും ഉപയോഗിക്കുന്നത്. വിളികളെത്തുന്നത് ഏതു രാജ്യത്തുനിന്നാണെന്നു കണ്ടെത്താനായിട്ടില്ല. ‘+5’ ൽ തുടങ്ങുന്ന ബൊളീവിയന്‍ നമ്പരാണെങ്കിലും വിളികള്‍ എത്തുന്നത് ഇവിടെനിന്ന് ആകണമെന്നില്ലെന്നു പൊലീസ് പറയുന്നു. നടപടികള്‍ ആരംഭിച്ചതോടെ ഫോണ്‍ വിളികള്‍ കുറഞ്ഞിട്ടുണ്ട്.

പരിചയമില്ലാത്ത നമ്പരുകളിലേക്ക് തിരിച്ചുവിളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഹൈടെക് സെല്‍ മുന്നറിയിപ്പു നല്‍കുന്നു. അപരിചിതര്‍ വിളിച്ചാല്‍ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത്. ഐഎസ്ഡി സൗകര്യമുള്ള ഫോണിലാണ് തട്ടിപ്പിനു സാധ്യത കൂടുതല്‍.