‘ഹിന്ദു പാക്കിസ്ഥാൻ’; തരൂരിനു ശാസനയുമായി കോണ്‍ഗ്രസ്

ശശി തരൂർ

ന്യൂഡൽഹി∙ ‘ഹിന്ദു പാക്കിസ്ഥാൻ’ വിഷയത്തിൽ ശശി തരൂരിനു ശാസനയുമായി കോൺഗ്രസ്. വാക്കുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു പാർട്ടി, തരൂരിനെ ഉപദേശിച്ചു. എന്നാൽ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ശശി തരൂർ മാധ്യമങ്ങളോടു പറഞ്ഞു. ഹിന്ദു തത്വങ്ങളിൽ അധിഷ്ഠിതമായ രാജ്യ നിർമാണത്തിനു ബിജെപി തന്നെ പ്രോത്സാഹനം നൽകുമ്പോൾ താൻ മാപ്പു പറയേണ്ട ആവശ്യമില്ലെന്നു തരൂർ പറഞ്ഞു. 2013–ലും താൻ ഇതു തന്നെ പറഞ്ഞിരുന്നതായും തരൂർ ഓർമിപ്പിച്ചു.

‘ഭരണഘടനയിൽ വിശ്വാസമില്ലാതിരുന്ന ദീൻ ദയാൽ ഉപാധ്യായ പോലുള്ളവരുടെ ചിന്തകൾ പ്രാവർത്തികമാക്കാനാണു പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരെ ഉപദേശിക്കുന്നത്. ബി‍ജെപിയുടേത് ഹിന്ദുത്വ അജൻഡയാണെന്ന ആരോപണം മോദി ഒരിക്കലും നിരസിച്ചിട്ടില്ല’’– തരൂർ പറഞ്ഞു.

തിരുവനന്തപുരത്തെ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്നായിരുന്നു കോൺഗ്രസ് എംപിയുടെ വാക്കുകൾ. 2019ലും ബിജെപി വിജയിച്ചാൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുമെന്നും ഭരണഘടന തന്നെ പൊളിച്ചെഴുതുമെന്നും തരൂർ പറഞ്ഞു.

ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി നൽകണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ രൂപീകരണത്തിനു കോൺഗ്രസാണ് ഉത്തരവാദി. പ്രസ്താവനയിലൂടെ തരൂർ ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും വക്താവ് പറഞ്ഞു.