200 കിടക്കകൾ, 40 ശുചിമുറികൾ: ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ഡോർമെട്രി കൊച്ചിയിൽ

കൊച്ചി മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയുള്ള ഡോർമെട്രി. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

കൊച്ചി∙ മെട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഡോർമെട്രി സംവിധാനം കൊച്ചി എം.ജി. റോഡ് സ്റ്റേഷനിൽ ആരംഭിച്ചു. എംഎൽഎമാരായ എസ്. ശർമ, പി.ടി. തോമസ്, ഡൊമനിക് പ്രസന്റേഷൻ, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണ് എം.ജി. റോഡ് മെട്രോയിലെ പീറ്റേഴ്‌സ് ഇൻ എന്ന എസി ഡോർമെട്രി സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു നടത്തിപ്പു ചുമതല.

200 കിടക്കകളും, 40 ശുചിമുറികളുമുള്ള പീറ്റേഴ്‌സ് ഇൻ ഒരു എസി ട്രെയിൻ കമ്പാർട്ടുമെന്റിന്റെ മാതൃകയിലാണു നിർമിച്ചിട്ടുള്ളത്. മൊബൈൽ ചാർജിങ് പോയിന്റ്, റീഡിങ് ലൈറ്റ് തുടങ്ങിയവ എല്ലാ ബഡ്ഡുകളിലും നൽകിയിട്ടുള്ളതിനോടൊപ്പം താമസക്കാർക്കു സ്വകാര്യതയും ഉറപ്പു വരുത്തുന്നു. സ്ത്രീകൾക്കായി പ്രത്യേക കംപാർട്ട്‌മെന്റ് മുറികളും ലോക്കർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴു മണിക്ക് ചെക്ക് ഇൻ ചെയ്യുന്ന ഒരാൾക്കു രാവിലെ എട്ടു മണിവരെയാണു സമയം അനുവദിച്ചിട്ടുള്ളത്. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കമ്പാർട്ട്‌മെന്റ് മുറികളും ഉണ്ട്.

താമസക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായാ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ പ്രദാനം ചെയ്കയെന്നു കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണു പദ്ധതി. വിവാഹ ആവശ്യങ്ങൾക്കായും യാത്രാ പരിപാടികൾക്കുമായും എത്തുന്നവർക്കു ചെലവ് കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരവും ഒരുക്കും.

മൂന്നാർ, വാഗമൺ, കുമരകം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കു യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇവർക്കു രണ്ടു രാത്രികളിലെ താമസം സൗജന്യമായിരിക്കും. ബുക്കിങ്ങിന് www.petersinn.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 77366 66181 എന്ന നമ്പറിൽ വിളിക്കുകയോ petersinnkoch@gmail.com ലേക്കു മെയിൽ അയയ്ക്കുകയോ ചെയ്യാം.