തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്ര നിർമാണം; വാർത്ത നിഷേധിച്ച് ബിജെപി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ

ന്യൂഡൽഹി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞുവെന്ന വാർത്തകളെ നിഷേധിച്ച് ബിജെപി. രാമക്ഷത്ര നിർമാണത്തെ സംബന്ധിച്ചു യാതൊരു പ്രസ്താവനകളും അമിത് ഷാ നടത്തിയിട്ടില്ലെന്ന് ബിജെപി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. ഇതു സംബന്ധിച്ചു പുറത്തു വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അവർ വിശദീകരിച്ചു.

‘ഇന്നലെ തെലങ്കാനയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ രാമക്ഷേത്രത്തെ സംബന്ധിച്ചു യാതൊരു പരമാർശങ്ങളും നടത്തിയിട്ടില്ല. ഇതു സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഇങ്ങനെയൊരു കാര്യം അജൻഡയിൽ പോലുമില്ല’– ബിജെപി ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്ച ഹൈദരാബാദിൽ, സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്രം നിർമാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞതായി ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗം പെരാലാ ശേഖർജിയാണ് മാധ്യമങ്ങളോടു പറഞ്ഞത്. ഇതു നിരവധി ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായതിനെ തുടർന്നാണു ബിജെപി വിശദീകരണവുമായി രംഗത്തെത്തിയത്.