പൊലീസിലെ ദാസ്യപ്പണി തമിഴ്നാട്ടിലും; ഗൗരവമുള്ളതെന്ന് കോടതി

ചെന്നൈ∙ പൊലീസിലെ ഉന്നതർ താഴെത്തട്ടിലുള്ള പൊലീസുകാരെ ദാസ്യപ്പണിക്കു ഉപയോഗിക്കുന്നുവെന്ന വിവാദം തമിഴ്നാട്ടിലും. പൊലീസ് സേനയിലെ ഓർഡർലി സംവിധാനവുമായി ബന്ധപ്പെട്ട വാദത്തിനിടെ അഭിഭാഷകനാണു ദാസ്യവേലയെക്കുറിച്ച് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്.

ഉന്നത ഉദ്യോഗസ്ഥരുടെ കുട്ടികളെ നോക്കാനും പൂന്തോട്ടം മേൽനോട്ടത്തിനും നായ്ക്കളെ പരിശീലിപ്പിക്കുന്നതിനും ഓർഡർലികളെ ഉപയോഗിക്കുന്നുവെന്നു അഭിഭാഷകൻ ആരോപിച്ചു. ഇക്കാര്യം ഗൗരവമുള്ളതാണെന്നു ജസ്റ്റിസ് എൻ.കൃപാകരൻ വാക്കാൽ നിരീക്ഷിച്ചു. ഹർജി ഇനി അടുത്ത മാസം എട്ടിനു പരിഗണിക്കും.

ദാസ്യപ്പണിയും പൊലീസിലെ വീഴ്ചകളും കേരളത്തിൽ വലിയ വിവാദമായിരുന്നു. എഡിജിപി സുധേഷ്കുമാ‌റിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചതോടെയാണു ദാസ്യപ്പണി വിവരങ്ങൾ പുറത്തുവന്നതും സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടമുണ്ടായതും.