പ്രതിപക്ഷ ശബ്ദമാകാൻ കഴിഞ്ഞു‍: മോദിയെ വിമർശിച്ച രാഹുലിന് ശിവസേനയുടെ പ്രശംസ

ന്യൂഡൽഹി∙ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍‌ രാഹുൽ ഗാന്ധിയെ പ്രശംസിച്ചു ശിവസേന മുഖപത്രം സാമ്‌ന. അവിശ്വാസപ്രമേയത്തിലെ യഥാർഥ വിജയി രാഹുൽ ഗാന്ധിയാണെന്നു പാര്‍ട്ടി മുഖപത്രത്തിലൂടെ പ്രഖ്യാപിച്ചു. ലോക്സഭയിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാൻ രാഹുലിനു സാധിച്ചെന്നും സാമ്‌ന പറയുന്നു. അവിശ്വാസ പ്രമേയത്തെ ബിജെപി സർക്കാർ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മറികടന്നെങ്കിലും സാമ്നയിലെ വാർത്തകൾ അധികവും പ്രതിപക്ഷത്തെ പുകഴ്ത്തുന്നതാണ്.

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെത്തി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രമടക്കം ഉൾപ്പെടുത്തി വാർത്ത നൽകിയാണ് സാമ്ന രാഹുലിന്റെ ലോക്സഭ പ്രകടനത്തെക്കുറിച്ചു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഇത്ര പ്രധാന്യം നൽകി സാമ്ന കോൺഗ്രസ് അനുകൂല വാർത്ത നൽകുന്നത്.

ഇതിനിടെ, ശിവസേന ചീഫ് വിപ്പ് സ്ഥാനത്തുനിന്നു ചന്ദ്രകാന്ത് ഖൈറയെ മാറ്റി. പാർട്ടി തീരുമാ‌നത്തിനു മുൻപ് എംപിമാർക്കു വിപ്പ് നൽകിയതിന്റെ പേരിലാണു നടപടി. അവിശ്വാസ പ്രമേയത്തിൽ കേന്ദ്രസർക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്യാനായിരുന്നു ശിവസേന എംപിമാരോടു വിപ്പ് നൽകി ആവശ്യപ്പെട്ടത്. പിന്നീട് ഈ തീരുമാനം മാറ്റിയിരുന്നു.

അതേസമയം, അവിശ്വാസപ്രമേയത്തിൽ പിന്തുണ ആവശ്യപ്പെട്ട് അമിത് ഷാ, ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചതായുള്ള റിപ്പോർട്ട് ശിവസേന തള്ളി. ആരുമായും ഉദ്ധവ് താക്കറെ സംസാരിച്ചിട്ടില്ലെന്നും വോട്ടെടുപ്പു സംബന്ധിച്ച് ആർക്കും ഉറപ്പു കൊടുത്തിരുന്നില്ലെന്നും ശിവസേന വൃത്തങ്ങൾ അറിയിച്ചു.