ഉറക്കമിളച്ചു പഠിച്ച് മുംബൈ നഗരം; കൂടുതല്‍ നൈറ്റ് കോളജുകള്‍ തുറക്കാൻ മുംബൈ സർവകലാശാല

Representative Image

മുംബൈ ∙ അടിച്ചുപൊളിക്കാനുള്ള നൈറ്റ് ക്ലബുകളും റസ്റ്ററന്റുകളും മാത്രമല്ല, ഈ നൈറ്റ് കോളജുകളും ഉറങ്ങാത്ത നഗരത്തെ സജീവമാക്കുന്നു. ചെമ്പുരിലെ മഹാത്മ നൈറ്റ് കോളജ് ഓഫ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് വൈകിട്ടാണ് ഉണരുക. ഓഫിസുകളിൽ നിന്ന് നേരിട്ടെത്തുന്നവരെയും വീട്ടുജോലികൾ ഒരുവിധം ഒതുക്കി എത്തുന്ന വീട്ടമ്മമാരെയുമൊക്കെ ഇവിടെ കാണാം. മുംബൈ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജിൽ ആർട്‌സ്, കൊമേഴ്‌സ് ബിരുദ കോഴ്‌സുകളിൽ വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു വരെയാണ് ക്ലാസുകൾ.

'മുതിർന്ന' വിദ്യാർഥികൾ മാത്രമല്ല പല കാരണങ്ങളാൽ പഠനം തുടരാനാകാതിരുന്ന കൗമാരപ്രായക്കാരും വിദ്യാർഥികളായുണ്ട്. മുളുണ്ടിലെ ജയ്ഭാരത നൈറ്റ് കോളജ്, മുംബൈ സെൻട്രലിലെ നവനീത് ഡിഗ്രി കോളജ്, ഗോരെഗാവിലെ രവീന്ദ്ര ഭാരതി നൈറ്റ് കോളജ്, കാന്തിവ്‌ലിയിലെ എൽഎൻ നൈറ്റ് ഡിഗ്രി കോളജ് എന്നിങ്ങനെ നീളുന്നു നൈറ്റ് കോളജുകളുടെ പട്ടിക. ജോലി തേടി നഗരത്തിൽ എത്തുന്നവരിൽ പലർക്കും പിന്നീട് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികളാകുന്നത് ഇത്തരം കോളജുകളാണ്.

ജോലിക്കൊപ്പം പഠനവും നടത്തി ഉന്നതപദവികൾ സ്വന്തമാക്കിയവർ നഗരത്തിൽ ധാരാളം. ക്ലാർക്കായി ജോലിക്കു കയറി അസിസ്റ്റന്റ് കലക്ടറായി വിരമിച്ചവരിൽ മലയാളികൾ പോലുണ്ട്. പണ്ട് തൊഴിൽ തേടി എത്തിയിരുന്ന പ്രവാസികളാണ് ഉപരിപഠനത്തിനായി നൈറ്റ് കോളജുകളെ ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇവിടത്തെ പുതുതലമുറയും നൈറ്റ് കോളജുകളിൽ എത്തുന്നു. 10, 12 ക്ലാസുകൾ കഴിയുമ്പോൾ തന്നെ തേടിയെത്തുന്ന ന്യൂ ജനറേഷൻ തൊഴിലുകളിൽ സ്വന്തമായി വരുമാനമാർഗം കണ്ടെത്തുന്നവരിൽ പലരും പഠനം ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്കും സഹായമാകുന്നത് നൈറ്റ് കോളജുകളാണ്.

കൂടുതല്‍ നൈറ്റ് കോളജുകള്‍ തുറക്കും

മുംബൈയിലും നഗരപ്രാന്തങ്ങളിലും കൂടുതൽ നൈറ്റ് കോളജുകളും വനിതാ കോളജുകളും തുറക്കാൻ ശനിയാഴ്ച ചേര്‍ന്ന മുംബൈ സർവകലാശാലാ സെനറ്റ് യോഗം തീരുമാനിച്ചു. ജില്ലാ തലത്തിൽ സർവകലാശാല നടത്തിയ സർവേയിൽ നൈറ്റ് കോളജുകളോട് താൽപര്യമുള്ളവർ ഒട്ടേറെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രോ വൈസ് ചാൻസലർ ഡോ. രവീന്ദ്ര കുൽക്കർണി അവതരിപ്പിച്ച പ്ലാൻ സെനറ്റ് യോഗം പാസാക്കുകയായിരുന്നു.