ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍നിന്ന് മരണത്തിലേക്ക്; ഒടുവിൽ ജയം കണ്ടത് അമ്മയുടെ പോരാട്ടം

കോടതിയിൽ പ്രതികളുടെ ചിത്രം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ പൊലീസ് കയർക്കുന്നു(2005ലെ ചിത്രം: റോബർട് വിനോദ്) ഇൻസെറ്റിൽ കൊല്ലപ്പെട്ട ഉദയകുമാർ.

തിരുവനന്തപുരം∙ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടികൊലപ്പെടുത്തിയ കേസില്‍ ആറു പൊലീസുകാര്‍ കുറ്റക്കാരാണെന്നു സിബിഐ പ്രത്യേക കോടതി വിധി പുറത്തുവരുമ്പോള്‍, മകനുവേണ്ടി നടത്തിയ പോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് അമ്മ പ്രഭാവതിയമ്മ. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനമുണ്ടായ സെപ്‌റ്റംബർ 27നു രാത്രി മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്നു പൊലീസ് കസ്‌റ്റഡിയിലെടുത്തതും പിന്നീട് ഉദയകുമാര്‍ കൊല്ലപ്പെടുന്നതും. 

മകന്റെ കൊലപാതകത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള നിരന്തര പോരാട്ടത്തിലായിരുന്നു 13 വര്‍ഷമായി പ്രഭാവതിയമ്മ. നിരവധി തവണ ഭീഷണിയും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും കേസില്‍നിന്ന് അവര്‍ പിന്‍മാറിയില്ല. കിള്ളിപ്പാലം ശിവക്ഷേത്രത്തിനുസമീപത്തെ ആക്രിക്കടയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഉദയൻ.

ഓണത്തിനു ലഭിച്ച ബോണസടക്കമുള്ള തുകയുമായി അമ്മയ്‌ക്കും തനിക്കും വസ്‌ത്രമെടുക്കാനാണു നെടുങ്കാട് കീഴാറന്നൂരിലെ വീട്ടില്‍നിന്ന് ഉദയൻ പോയത്. ശ്രീകണ്ഠേശ്വരം പാര്‍ക്കിനു സമീപത്തുനിന്ന് രാത്രി 10.30നാണ് ഉദയകുമാറിനെയും സുഹൃത്തും മോഷണക്കേസിലെ പ്രതിയുമായ സുരേഷ്കുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 

ഉദയകുമാറിന്റെ കയ്യില്‍ 4020 രൂപ കണ്ടതോടെ പൊലീസിന്റെ സംശയം വര്‍ധിച്ചു. ബോണസ് കിട്ടിയ തുകയാണെന്നു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. മര്‍ദനത്തെത്തുടര്‍ന്നു രാത്രി പത്തരയോടെ ഉദയകുമാര്‍ മരിച്ചു. ദേഹാസ്വാസ്‌ഥ്യംമൂലം കുഴഞ്ഞുവീണതാണെന്നു പറഞ്ഞാണ് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുൻപേ മരിച്ചതായി പിന്നീട് വ്യക്തമായി. 

രാത്രി ഒൻപതോടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളുമായി മടങ്ങിയെത്തുമായിരുന്ന മകനു ഭക്ഷണമൊരുക്കിവച്ചു കാത്തിരുന്ന അമ്മ പിന്നെ കാണുന്നതു മകന്റെ ചേതനയറ്റ ശരീരമാണ്. ജഗതിയിലുള്ള സ്കൂളില്‍ ആയയായി ജോലി നോക്കിയിരുന്ന പ്രഭാവതിയമ്മയോട് രാവിലെ 11 മണിക്കാണു മകന്‍ മരിച്ച വിവരം പൊലീസ് അറിയിക്കുന്നത്.

ഉദയകുമാറിനെ ഉരുട്ടിക്കൊന്നതാണെന്നായിരുന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. എന്തോ ഉപകരണം ഉപയോഗിച്ച് ഉരുട്ടിയതുമൂലമുള്ള മുറിവുകളാണ് ഇരുതുടകളിലും കാണപ്പെട്ടതെന്നും, ഈ മുറിവുകളും മർദനത്തിന്റെ ആഘാതവുമാണു മരണകാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. തുടർന്ന് പൊലീസ് കോൺസ്‌റ്റബിൾമാർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. 

പിന്നീട് ഇങ്ങോട്ടുള്ള എല്ലാ രാത്രികളിലും മകന്റെ നിലവിളിയാണ് പ്രഭാവതിയമ്മയുടെ കാതുകളില്‍ മുഴങ്ങിയിരുന്നത്. പലരുടേയും സഹായത്തോടെയാണു നിയമപോരാട്ടത്തിനിറങ്ങിയത്. ഭീഷണികളുമുണ്ടായി. മകനോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് കൂറുമാറിയെങ്കിലും ഈ അമ്മ പിന്‍വാങ്ങിയില്ല, പോരാട്ടം തുടര്‍ന്നു. വിചാരണ അട്ടിമറിക്കാതിരിക്കാന്‍ പലതവണ കോടതിയെ സമീപിച്ചു. ഒടുവില്‍ 13 വര്‍ഷത്തിനുശേഷം അനുകൂല വിധിയെത്തി.

മകന്റെ മരണശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടായതായി പ്രഭാവതിയമ്മ പറയുന്നു. നെടുങ്കാട് മണ്ണടി ക്ഷേത്രത്തിനു സമീപം സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കൂട്ടിന് സഹോദരന്‍ മോഹനനുണ്ട്.

ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ വഴിത്തിരിവുണ്ടാകുന്നത് സിബിഐയുടെ വരവോടെയാണ്. അന്വേഷണത്തില്‍ ഉദയകുമാറിനെ കൊലപ്പെടുത്തിയതായും തെളിവുകള്‍ നശിപ്പിച്ചതായും സിബിഐ കണ്ടെത്തി. തെളിവു നശിപ്പിച്ചതിന് പൊലീസുകാര്‍ പ്രതികളായ കേസു കൂടിയായി മാറി ഉദയകുമാര്‍ കേസ്.