ഓഖി ദുരന്തത്തിൽ കേരളത്തിന് പ്രത്യേക പാക്കേജില്ല; 209.50 കോടി നല്‍കിയെന്ന് കേന്ദ്രം

ഓഖി ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ നിന്ന്. (ഫയൽ ചിത്രം)

കോട്ടയം∙ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

7304 കോടി രൂപയുടെ പ്രത്യേക പാക്കേജാണു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 209.50 കോടി രൂപ നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ (എന്‍ഡിആര്‍എസ്) നിന്ന് 133 കോടിയും സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ (എസ്ഡിആര്‍എസ്) നിന്ന് 76.50 കോടി രൂപയുമാണു നല്‍കിയത്. തമിഴ്‌നാടിന് 413.55 കോടിയും ലക്ഷദ്വീപിന് 15 കോടി രൂപയും നല്‍കി. 

ഓഖി ദുരിതാശ്വാസത്തിനായി കേരളം രണ്ടു നിവേദനങ്ങളാണു കേന്ദ്രത്തിനു സമര്‍പ്പിച്ചത്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 431.37 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനു പുറമേ തീരപ്രദേശത്തു നടപ്പാക്കാനുദ്ദേശിക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കായി 7304 കോടി രൂപയുടെ പാക്കേജും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള എന്‍ഡിആര്‍എസ്, എസ്ഡിആര്‍എസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ദീര്‍ഘകാല പദ്ധതികള്‍ക്കു പണം അനുവദിക്കാനാവില്ലെന്നും റിജിജുവിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. 

ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ പറയുന്നു. പ്രത്യേക പാക്കേജ് പരിഗണനയില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷിവകുപ്പു മന്ത്രി കൃഷ്ണരാജും വ്യക്തമാക്കി. ഓഖി ബാധിത മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കു ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാനായി കൃഷി വകുപ്പും ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പും 194.40 ലക്ഷം രൂപ നല്‍കിയതായും കൃഷിമന്ത്രിയുടെ മറുപടിയിലുണ്ട്. ഓഖി വീശിയടിച്ച തീരമേഖലയുടെ പുനര്‍നിര്‍മാണത്തിനായി കേരളം ആവശ്യപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജിനു കേന്ദ്രം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മാര്‍ച്ചില്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.