തച്ചങ്കരിയുടെ തീരുമാനം മന്ത്രി അറിയുന്നില്ലേ?: വിമർശനവുമായി ഭരണപക്ഷ യൂണിയൻ

എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം∙ കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ.തച്ചങ്കരി നടപ്പാക്കുന്നതു സർക്കാരിന്റെ നയമാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നു കെഎസ്ആർടിഇഎ (സിഐടിയു) കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകളോടുള്ള സർക്കാരിന്റെ സമീപനം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തൊഴിലാളിക്കു സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ ഒരുഘട്ടത്തിലും എൽഡിഎഫ് സർക്കാർ വിലക്കിയിട്ടില്ല. എന്നാൽ കെഎസ്ആർടിസിയിൽ അതു വിലക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത് മന്ത്രി ഇതുവരെ അറിഞ്ഞില്ലെങ്കിൽ ദൗർഭാഗ്യകരമാണ്.

3000 പേർ അദർഡ്യൂട്ടിയിൽ ഇരിക്കുന്നുവെന്ന സിഎംഡിയുടെ അസത്യ പ്രചരണത്തിനു മന്ത്രി കൂട്ടുപിടിക്കുന്നതു ശരിയല്ല. ഡ്യൂട്ടിക്കിടയിൽ അപകടംപറ്റി  അംഗഭംഗം വന്നവരെയും ഗുരുതര രോഗബാധിതരേയും സംരക്ഷിക്കണം എന്നുമാത്രമാണു യൂണിയനുകൾ ആവശ്യപ്പെടുന്നത്. അദർഡ്യൂട്ടി എന്ന ഓമനപ്പേരിട്ടും കള്ളക്കണക്കു നിരത്തിയും പിരിച്ചുവിടാനുള്ള നീക്കം സർക്കാരിന്റെ നയമാണോ എന്നു മന്ത്രി വ്യക്തമാക്കണം. ജീവനക്കാർക്ക് അർഹമായ പ്രമോഷനുകൾ നൽകരുതെന്നു സർക്കാർ നിർദേശിച്ചെന്നു തോന്നുന്നില്ല. എന്നാൽ, തച്ചങ്കരി ചുമതലയേറ്റശേഷം അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നവർക്കൊഴികെ മറ്റാർക്കും പ്രമോഷൻ അനുവദിച്ചിട്ടില്ല.

പുതിയ 900 ബസ് വാങ്ങുന്നതിന് 2017 ഡിസംബറിൽ 324 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചതാണ്. അതു വാങ്ങില്ലെന്നാണു മാനേജ്‌മെന്റിന്റെ നിലപാട്. ഏതു പഠനറിപ്പോർട്ടിലാണു പുതിയ ബസുകൾ വാങ്ങേണ്ടതില്ല എന്നു നിർദേശിച്ചിട്ടുള്ളതെന്നു മന്ത്രിയും തച്ചങ്കരിയും വ്യക്തമാക്കണം. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും തമ്മിൽ ചർച്ച ചെയ്തുണ്ടാക്കുന്ന കരാർ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നത് ഏതു നയത്തിന്റെ ഭാഗമായിട്ടാണെങ്കിലും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് അസോസിയേഷൻ നേതാവ് സി.കെ.ഹരികൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി.