മാനസിക നില ശരിയല്ല; മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് രാജസ്ഥാൻ മന്ത്രി

ജയ്‌പുർ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ തൊഴിൽ മന്ത്രിയുമായ ജസ്വന്ത് സിങ് യാദവ്. ബിജെപി രാജ്യത്ത് ‘താലിബാൻ ഹിന്ദൂയിസ’ത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന മമതയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. മമതയ്ക്ക് അറിവില്ല, രാജ്യസ്നേഹമില്ല. എല്ലാ ഹിന്ദു സംഘടനകളും തീവ്രനിലപാടുകാരണെന്ന അവരുടെ പ്രസ്താവന ലജ്ജാകരമാണ്. മാനസികനില ശരിയല്ലാത്ത മമത ഹിന്ദുമതം ഉപേക്ഷിക്കണം– ജസ്വന്ത് സിങ് യാദവ് പറഞ്ഞു.

നിയമം കൈയ്യിലെടുക്കുന്നത് അപലപനീയമാണെങ്കിലും ഹിന്ദുമതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികൾ ക്ഷമിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി പശുക്കടത്തും ഗോവധവും ഉപേക്ഷിക്കണമെന്നും ജസ്വന്ത് സിങ് യാദവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച രാജസ്ഥനിലെ അൽവാർ ജില്ലയിൽ പശുവിനെ കടത്തിയെന്ന ആരോപിച്ച് റക്ബർ ഖാനെന്ന യുവാവിനെ ഗോസംരക്ഷകർ മർദിച്ചു കൊന്നിരുന്നു. ഇതിനെതിരെയാണ് ബിജെപി, താലിബാൻ മാതൃകയിലുള്ള ഹിന്ദുത്വവും വർഗ്ഗീയതയും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി മമത ബാനർജി രംഗത്തെത്തിത്. കൊലപാതകത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.