കെപിസിസി പ്രസിഡന്റ്: ഗ്രൂപ്പിനൊപ്പമോ, സ്വന്തം തീരുമാനമോ? ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്

ന്യൂഡൽഹി∙ കെപിസിസി പ്രസിഡ‍ന്റ് നിർണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ, ഗ്രൂപ്പ് താൽപര്യങ്ങൾ പരിഗണിക്കണോ ഗ്രൂപ്പിനതീതമായ തീരുമാനം സ്വന്തം നിലയിലെടുക്കണോ എന്ന ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്. സംസ്ഥാനത്തുനിന്ന് ഒരു പേരുമാത്രം ഉയർന്നു വരാത്ത സാഹചര്യത്തിൽ, അന്തിമ തീരുമാനം എടുക്കുക എളുപ്പമാവില്ലെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ഇതിനിടെ, എന്തു തീരുമാനമെടുത്താലും എത്രയും വേഗം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കുന്നവർ അണിയറ നീക്കങ്ങൾ ശക്തമാക്കിയതോടെ, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനമറിയാനുള്ള ആകാംക്ഷയേറി. സ്ഥാനത്തിനായി ശ്രമിക്കുന്നവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തി. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാടും നിർണായകമാകും.

ഗ്രൂപ്പിനതീതരായി മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ്, കെ.മുരളീധരൻ എന്നിവരും ഗ്രൂപ്പ് പ്രതിനിധികളായി വി.ഡി.സതീശൻ, കെ.സുധാകരൻ, ബെന്നി ബഹനാൻ എന്നിവരും ഹൈക്കമാൻഡിന്റെ മുൻഗണനാ പട്ടികയിലുണ്ട്. തീരുമാനത്തിൽ സംസ്ഥാന ഘടകത്തിലെ സാമുദായിക സമവാക്യങ്ങളും രാഹുൽ പരിഗണിച്ചേക്കും. ഏതാനും ചിലരുടെ പേരുകൾ മുന്നിലെത്തിയപ്പോൾ സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതല്ലെന്നു രാഹുൽ അറിയിച്ചതായാണു സൂചന.

തങ്ങളുടെ പരിഗണനയിലുള്ള പേരുകൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുലിനെ നേരിൽ കണ്ട് അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കാൻ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയതോടെ, പന്ത് ഇനി ഹൈക്കമാൻഡിന്റെ കോർട്ടിലാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ, സ്വന്തം നിലയിലെടുക്കുന്ന തീരുമാനം പിഴവുറ്റതാകണമെന്ന സമ്മർദം രാഹുൽ നേരിടുന്നു. അതിന്റെ ഭാഗമായാണു ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, പോഷക സംഘടന, യുവജന ഭാരവാഹികൾ എന്നിവരുടെയും അഭിപ്രായം തേടാൻ അദ്ദേഹം ശ്രമിക്കുന്നത്.