നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇസ്‌ലാമാബാദ്∙ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ‍ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി നവാസ് ഷരീഫിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്കു ശേഷം അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു.

റാവൽപിണ്ടി അട്യാല ജയിലിൽ കഴിയുന്ന ഷരീഫിനെ ഞായറാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്. മൂന്നു തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനായി കഴിഞ്ഞ ആഴ്ച അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഷരീഫിന് മുഴുവൻ സമയവും വൈദ്യസഹായം നൽകാനും തീരുമാനിച്ചിരുന്നു.

അഴിമതി കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നവാസ് ഷരീഫ്, മകൾ മറിയം, മരുമകൻ മുഹമ്മദ് സഫ്‌ദർ എന്നിവർക്കു രണ്ടാഴ്ച മുൻപാണ് പാക്ക് സൂപ്രീം കോടതി തടവുശിക്ഷ വിധിച്ചത്. 10 വർഷത്തെ തടവാണ് ഷരീഫിനു ലഭിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ നാഷനൽ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഷരീഫിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) രണ്ടാം സ്ഥാനത്തേയ്ക്കു തഴയപ്പെട്ടിരുന്നു.