വിദ്യാർഥിയുമായി വെള്ളക്കെട്ടു നിറഞ്ഞ റോഡിലൂടെ സ്കൂളിലേക്കു പോയ ഓട്ടോ മറിഞ്ഞു

ഹരിപ്പാട്∙ വിദ്യാർഥിയുമായി വെള്ളക്കെട്ടു നിറഞ്ഞ റോഡിലൂടെ സ്കൂളിലേക്കു പോയ ഓട്ടോറിക്ഷ മറിഞ്ഞു. നാട്ടുകാരുടെ ഇടപെടൽ മൂലം ഓട്ടോഡ്രൈവറും വിദ്യാർഥിയും പരുക്കേൽക്കാതെ രക്ഷപെട്ടു. ഹരിപ്പാട് പള്ളിപ്പാട്ട് സ്കൂളിലേക്കു കുട്ടികളെ എടുക്കാൻ പോവുകയായിരുന്ന ഓട്ടോയാണു വെള്ളം കയറിക്കിടന്ന റോഡിലെ തിട്ടയിടിഞ്ഞു മറിഞ്ഞത്. വെള്ളം കയറിക്കിടന്ന പള്ളിപ്പാട്–ആഞ്ഞിലിമൂട്–വെള്ളരിത്തറ റോഡിലൂടെ പോവുകയായിരുന്ന ഓട്ടോ ഒരു ഇരുചക്ര വാഹനത്തിനു സൈഡ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ തിട്ടയിടിഞ്ഞു ചരിയുകയായിരുന്നു. ഒരു വിദ്യാർഥി മാത്രമാണ് ഈ സമയത്തു ഓട്ടോയിൽ ഉണ്ടായിരുന്നത്. ഓട്ടോ ചെരിയുന്നതു കണ്ട നാട്ടുകാർ ഓടിയെത്തി ഓട്ടോ പിടിച്ചു നിർത്തി വിദ്യാർഥിയെയും ഡ്രൈവറെയും പുറത്തിറക്കി. ഇവർ പുറത്തിറങ്ങിയ ഉടൻ ഓട്ടോ വെള്ളക്കെട്ടിലേക്കു മറിയുകയും ചെയ്തു.