റോഡിലെ ഗട്ടറിൽ വീണു മകൻ മരിച്ചു; അഞ്ഞൂറിലേറെ കുഴികൾ മൂടി പിതാവ്

Representative Image

മുംബൈ ∙ റോഡിലെ ഗട്ടറിൽ വീണു മകൻ മരിച്ചതിനു പിന്നാലെ ഇനി ഇത്തരം ദുരന്തത്തിൽ ആരും പതിക്കരുതെന്ന ആഗ്രഹവുമായി പിതാവ് ദാദാറാവു ബിൽഹോറെ മൂടിയതു റോഡുകളിലെ അഞ്ഞൂറിലേറെ കുഴികൾ. ദാദാറാവുവിന്റെ മകൻ പ്രകാശ് 2015 ജൂലൈ 28നാണു ജോഗേശ്വരി- വിക്രോളി ലിങ്ക് റോഡിൽ വലിയ കുഴിയിൽ ബൈക്ക് വീണുണ്ടായ അപകടത്തിൽ മരിച്ചത്.

അതിനു ശേഷമാണു ഗട്ടറില്ലാത്ത റോഡ് എന്ന സ്വപ്നവുമായി റോഡുകളിലെ കുഴിയടയ്ക്കാൻ ദാദാറാവു സ്വയം ഇറങ്ങിത്തിരിച്ചത്. അതിനൊപ്പം ഒട്ടേറെപ്പേർ അണിനിരക്കുക കൂടി ചെയ്തതോടെ പദ്ധതി കരുതിയതിലും വലിയ വിജയമായി. ‘‘വലിയ തോതിൽ‍ ജനസംഖ്യയുള്ള രാജ്യത്ത് അവർക്കെല്ലം സുരക്ഷിതമായി സഞ്ചരിക്കാനുള്ള റോഡുകളുടെ അഭാവമുണ്ട്. ഉള്ള റോഡുകളിൽ ഏറിയപങ്കും മഴക്കാലത്ത് അപകടകരമായ അവസ്ഥയിലുമാണ്. രാജ്യത്ത് ഒരു ലക്ഷം ആളുകൾ കുണ്ടും കുഴിയും നികത്താനായി സ്വയം മുന്നോട്ടു വന്നാൽ വിപ്ലവകരമായ മാറ്റത്തിനായിരിക്കും അതു വഴിതുറക്കുക. വലിയതോതിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ അതു സഹായകമാകും’’- ദാദാറാവു പറഞ്ഞു.