ദേശീയ പാത 45 മീറ്റർ: ആലപ്പുഴയിൽ കല്ലിടൽ തുടങ്ങി

ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ ശ്രീലത ആദ്യ കല്ലിട്ട് നടപടികൾക്കു തുടക്കം കുറിച്ചപ്പോൾ.

ആലപ്പുഴ ∙ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മധ്യരേഖ അടയാളപ്പെടുത്തി കല്ലിടൽ ആരംഭിച്ചു. തുറവൂർ ജംക്‌ഷനിൽ നിന്നാണു കല്ലിടൽ ആരംഭിച്ചത്. ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ ശ്രീലത ആദ്യ കല്ലിട്ട് നടപടികൾക്കു തുടക്കം കുറിച്ചു.

തുറവൂർ മുതൽ ഓച്ചിറയ്ക്കു സമീപം വരെ 83 കിലോമീറ്ററാണു ദേശീയപാത 66ന്റെ ഭാഗമായി ജില്ലയിലൂടെ കടന്നു പോകുന്നത്. നിലവിൽ 30 മീറ്റർ വീതിയുള്ള ദേശിയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനാണു മധ്യരേഖ അടയാളപ്പെടുത്തി കല്ലിടൽ ആരംഭിക്കുന്നത്. ഇതിനായുള്ള നോട്ടിഫിക്കേഷൻ ഫെബ്രുവരിയിൽ പുറത്തിറക്കിയെങ്കിലും നടപടികള്‍ ആറു മാസത്തോളം നീണ്ടു. ഇന്നു മൂന്നു കിലോമീറ്ററോളം ദൂരം കല്ലിടാനാണു ശ്രമം.

പ്രദേശത്തെ വ്യാപാരികൾ നടത്തിയ പ്രതിഷേധപ്രകടനം.

ഇതിനിടെ, അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രദേശത്തെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. കടകൾ ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ മാർക്ക് ചെയ്യാതിരിക്കാൻ വ്യാപാരികൾ കടകൾ അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് പൊലീസ് സംഘവും ക്യാംപ് ചെയ്യുന്നു. നിലവിൽ സംഘർഷ സാധ്യതയില്ല.