Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയടയ്ക്കുന്ന നാലുവരിനയം

ദേശീയപാതാവികസനം വീണ്ടും ചുവപ്പുനാടയിൽ കുടുങ്ങിയതു കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഒരളവോളം കടിഞ്ഞാണിടുമെന്ന കാര്യത്തിൽ തർക്കമില്ല. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും പൂർത്തിയായ, കാസർകോട് മേഖലയിലെ ദേശീയപാതയുടെ നിർമാണത്തിനു പണം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിഷേധാത്മകസമീപനം കേരളത്തിന്റെ ഗതാഗതവികസനലക്ഷ്യങ്ങൾക്കു മങ്ങലേൽപിക്കുന്നു. 

കേരളത്തിൽ ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ ചെലവു കൂടുതലാണെന്ന കാരണം പറഞ്ഞാണു പണം അനുവദിക്കുന്നതു വൈകിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്രയേറെ ചെലവുവരുന്നില്ലെന്നാണു കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്. പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി റോഡ് നിർമാണത്തിന്റെ ബജറ്റ് വെട്ടിച്ചുരുക്കി വീണ്ടും പദ്ധതി സമർപ്പിച്ചെങ്കിലും മാസങ്ങളായി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇതോടെ പദ്ധതി പൂർണമായി സ്തംഭിച്ചിരിക്കുന്നു.  

കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്ങള, ചെങ്ങള– ‌കാലിക്കടവ് എന്നീ പാതകൾ 45 മീറ്ററിൽ നാലുവരിയായി വികസിപ്പിക്കാൻ കിലോമീറ്ററിനു 42 കോടി രൂപയാണ് ആദ്യം ചെലവു കണക്കാക്കിയത്. എന്നാൽ, ഈ നിരക്കു കൂടുതലാണെന്നും അനുവദിക്കാനാകില്ലെന്നും കേന്ദ്ര റോഡ് മന്ത്രാലയം നിലപാടെടുത്തു. ബജറ്റ് വെട്ടിക്കുറയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കിലോമീറ്ററിനു 32 കോടി രൂപയുടെ പുതിയ ബജറ്റ് തയാറാക്കി കഴിഞ്ഞ ജനുവരിയിൽ സമർപ്പിച്ചിട്ടും ഇതുവരെ അംഗീകരിക്കാൻ തയാറായിട്ടില്ല. 

കേരളം സ്ഥലമേറ്റെടുത്തു നൽകിയാൽ ദേശീയപാതാവികസനത്തിന് എത്ര കോടി രൂപ വേണമെങ്കിലും അനുവദിക്കാൻ തയാറാണെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പല വേദികളിലും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുത്തു നൽകാൻ വൈകുന്നതുകൊണ്ടാണു വികസനം വൈകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിൽ സ്ഥലമെടുപ്പു വൈകുന്നതിനെതിരെ നിലപാടെടുത്തിരുന്നു. സംസ്ഥാന സർക്കാർ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ, സ്ഥലമെടുപ്പും ടെൻഡർ നടപടികളും പൂർത്തിയാക്കിയ മേഖലയിൽ റോഡ് നിർമിക്കാനുള്ള പണം അനുവദിക്കാതെ കേരളത്തെ കുരുക്കിൽപെടുത്തിയിരിക്കുകയാണു കേന്ദ്രം. 

കാസർകോട് മുതൽ തിരുവനന്തപുരം വരെ 2020ൽ നാലുവരിപ്പാത യാഥാർഥ്യമാക്കണമെന്ന ഉറച്ചനിലപാടുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ഈ തടസ്സം. ഈ സാമ്പത്തികവർഷം 155 കിലോമീറ്റർ നാലുവരിപ്പാതയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്. 4636 കോടി രൂപയാണ് ഇതിനു വേണ്ടത്. പണം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രി ജി. സുധാകരനും നേരിട്ടും കത്തുമുഖേനയും പലവട്ടം കേന്ദ്രമന്ത്രിയുമായി ആശയവിനിമയം നടത്തി. കേരളത്തിൽ ജനവാസമേഖലകൾ ഏറെയുള്ളതിനാൽ കൂടുതൽ മേൽപാലങ്ങളും അടിപ്പാതകളും  നിർമിക്കേണ്ടിവരും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കൂടുതൽ കലുങ്കുകൾ പണിയുകയും വേണം. ഈ സാഹചര്യത്തിലാണു തുക കൂടുന്നതെന്നു സർക്കാർ വിശദീകരിച്ചിരുന്നു. ബെംഗളൂരുവിലും കോഴിക്കോട് ബൈപാസിനും നേരത്തേ കിലോമീറ്ററിന് 40 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ച കാര്യവും സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തിയെങ്കിലും അനുകൂലതീരുമാനമുണ്ടായില്ല. 

കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും അടിയന്തരമായി പൂർത്തിയാക്കേണ്ടതാണു ദേശീയപാതാവികസനം. അതുകൊണ്ടുതന്നെ, കേരളത്തോട് അനുഭാവപൂർണമാ‌യ സമീപനം കൈക്കൊണ്ട്, പണം അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. കക്ഷിരാഷ്ട്രീയഭേദമെന്യേ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നമ്മുടെ ജനപ്രതിനിധികൾക്കു കഴിയുകയും വേണം. അടുത്തയാഴ്ച തലശ്ശേരി–മാഹി ബൈപാസ് നിർമാണോദ്ഘാടനം നിർവഹിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എത്തുമ്പോൾ അനുകൂലപ്രഖ്യാപനം ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം. അതിനായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തേണ്ടതുണ്ട്.