Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുവരിക്ക് ചുവപ്പുനാട

national-highway

തിരുവനന്തപുരം∙ ‘അധികച്ചെലവ്’ എന്ന വാദവുമായി കേരളത്തിലെ ദേശീയപാതാ വികസനത്തിനു കേന്ദ്ര സർക്കാരിന്റെ കുരുക്ക്. ഒരു കിലോമീറ്റർ ദേശീയപാത 4 വരിയായി വികസിപ്പിക്കാൻ മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ചെലവാണു കേരളത്തിലെന്നു ചൂണ്ടിക്കാട്ടിയാണു പദ്ധതി പിടിച്ചുവച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ തലപ്പാടി–ചെങ്ങള, ചെങ്ങള– ‌കാലിക്കടവ് പാതകളുടെ വികസനത്തിനു ദേശീയപാത വിഭാഗം ആദ്യം നൽകിയത് കിലോമീറ്ററിന് 42 കോടി രൂപയുടെ ബജറ്റ് ആയിരുന്നു. ഇതു കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം നിരസിച്ചതോടെ 32 കോടിയാക്കി പുതുക്കി നൽകി. ഇതിനും മാസങ്ങൾക്കു ശേഷവും അനുമതി ലഭിച്ചിട്ടില്ല.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ സ്ഥലമേറ്റെടുപ്പു നടപടികൾ പുരോഗമിക്കുന്നതിനിടെയാണു പുതിയ കുരുക്ക്. 2020 ന് അകം തിരുവനന്തപുരം മുതൽ കാസർകോട് വരെ നാലുവരിപ്പാതയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സ്ഥലമേറ്റെടുത്താൽ ആവശ്യമായ തുക അനുവദിക്കാമെന്നു കേന്ദ്രസർക്കാർ ഉറപ്പും നൽകിയിരുന്നു. 

കാസർകോട്ടെ 2 പാതകൾക്കായി ജനുവരിയിൽ തന്നെ പദ്ധതി സമർപ്പിച്ചിരുന്നു.

തീരുമാനം വൈകിയതോടെ പലവട്ടം മുഖ്യമന്ത്രിയും പൊതുമരാമത്തുമന്ത്രി ജി. സുധാകരനും നേരിട്ടും കത്തു മുഖേനയും കേന്ദ്രവുമായി ആശയവിനിമയം നടത്തി. പണം ഉടൻ അനുവദിക്കുമെന്നു ഏപ്രിലിൽ കൊച്ചിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രിക്ക് ഉറപ്പു ലഭിച്ചു. ഇതും പാലിക്കപ്പെടാതെ വന്നതോടെ അദ്ദേഹം കേന്ദ്രമന്ത്രിക്കു നേരിട്ടു കത്തയച്ചെങ്കിലും ഫയൽ അനങ്ങിയിട്ടില്ല. 

തെളിവ് നിരത്തി, മറുപടിയില്ല 

കേരളത്തിൽ ജനവാസ മേഖലകൾ കൂടുതലുള്ളതിനാൽ ഭൂമിയുടെ നഷ്ടപരിഹാരത്തുക കൂടുതലാണെന്നും കൂടുതൽ മേൽപ്പാലങ്ങളും അടിപ്പാതകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം കലുങ്കുകളും പണിയേണ്ടതുണ്ടെന്നും ചെലവു കൂടുന്നതിന്റെ കാരണമായി സംസ്ഥാന സർക്കാർ വിശദീകരിച്ചിരുന്നു. ബെംഗളൂരുവിലും കോഴിക്കോട് ബൈപ്പാസിനും മുൻപ് കിലോമീറ്ററിന് 40 കോടി രൂപ നിരക്കിൽ കേന്ദ്രം തുക അനുവദിച്ചതും ചൂണ്ടിക്കാട്ടി.