അരേ വാഹ്, സബാഷ് എന്നൊക്കെ കേൾക്കാതിരുന്ന കാലം: ഉമ്പായിയുടെ ജീവിതം

ഉമ്പായിയുടെ ഗസൽ സന്ധ്യയിൽനിന്ന്

ഗസലുകളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ ഫോർട്ട് കൊച്ചിയുടെ പാട്ടുകാരൻ ഉമ്പായിയുടെ ജീവിതാനുഭവങ്ങളിലൂടെ... (2005ൽ എഴുതിയ ലേഖനം)

ഡിസംബറിലെ ഒരു സന്ധ്യ.
കായൽ തൊടുന്ന ചീനവലകൾക്കിടയിലൂടെ ഗസൽപാലെ പെയ്‌തിറങ്ങുന്ന ഇളവെയിൽ. കമ്മാലക്കടവിലെ തണൽമരത്തിന്റെ പായൽപിടിച്ച ചുറ്റുതറയിലിരുന്ന് ഉമ്പായി പറഞ്ഞു തുടങ്ങി. കരയ്‌ക്കെടുത്തിട്ട മീൻ പോലെ പിടച്ചുചാടുന്ന ഓർമകൾ. വാക്കുകളിൽ സങ്കടങ്ങളുടെ പെരുങ്കടലിരമ്പി. ‘എന്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ മണ്ണാണിത്. എത്രയോ രാത്രികളിൽ അടിമുടി മദ്യത്തിൽ മുങ്ങി തനിച്ചിവിടെയിരുന്നു പാടിയിട്ടുണ്ട്’ - ഗസലുകളിലൂടെ മലയാളിയുടെ ഇടനെഞ്ചിൽ ഇടംപിടിച്ച പാട്ടുകാരനാണ് ഉമ്പായി. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ കനലുകൾ ചവിട്ടി വളർന്നവൻ. ഫോർട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ.

‘ജീവിതത്തിലെ വിലപ്പെട്ട 10-14 കൊല്ലം ഞാൻ പാഴാക്കി. മദ്യപിച്ചു സ്വയം നശിച്ചു. തിരിച്ചറിവിലേക്കെത്താൻ പിന്നെയും ഒരുപാടു കാലം വേണ്ടിവന്നു.’- ഓർമകൾ ശ്രുതി ചേർത്ത് ഉമ്പായി പാട്ടിന്റെ പിന്നിട്ട വഴികൾ അയവിറക്കുന്നു. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പാൾ തബലയോടായിരുന്നു താൽപര്യം. എങ്ങനെയും ഒരു തബലിസ്‌റ്റാകാൻ മോഹിച്ചു. കൊത്തിപ്പെറുക്കാൻ പാണ്ടികശാലകൾക്കു മുന്നിൽ പറന്നിറങ്ങുന്ന പ്രാവുകളുടെ ചിറകടിയിൽ ഉമ്പായി തബലപ്പെരുക്കങ്ങൾ കേട്ടു. മട്ടാഞ്ചേരിയിലെ വ്യാപാരികളായ സേട്ടുമാരുടെ മാളികകൾക്കകത്തുനിന്ന് ഒഴുകി പരക്കുന്ന ഹിന്ദുസ്‌ഥാനി ഗസലുകളും മുല്ലപ്പൂ മണക്കുന്ന ‘സബാഷ്’ വിളികളും കേൾക്കാൻ തനിയെ തെരുവിൽ കാത്തുനിന്നു.

‘സ്വന്തമായി ഒരു റേഡിയോ പോലും വീട്ടിലില്ലായിരുന്നു. സ്‌കൂൾ വിട്ടാൽ മട്ടാഞ്ചേരി സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേൾക്കാൻ. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോർഡ് തിയറ്ററിൽവയ്‌ക്കുമായിരുന്നു. സിലോൺ റേഡിയോയിലെ ‘ഗീത് മാല’ കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷോപ്പിലും പതിവായി പോകുമായിരുന്നു. ഇന്നും ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്നു കേട്ടവ ഓർമയിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്’ - ഉമ്പായി പറയുന്നു.

ഉമ്പായിയുടെ ഗസൽ സന്ധ്യയിൽനിന്ന്

‘1977-ൽ പണ്ഡിറ്റ് രവിശങ്കർ മട്ടാഞ്ചേരി ടൗൺ ഹാളിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്നതറിഞ്ഞ് എനിക്ക് ഉത്സാഹമായി. എങ്ങനെയും അദ്ദേഹത്തെ കാണണം. രാത്രിയായതിനാൽ വീട്ടിൽനിന്നു വാപ്പ വിടില്ല. ഒളിച്ചായാലും പോകണം. ഞാനുറപ്പിച്ചു. ഉമ്മ മാത്രമേ സഹായിക്കൂ. സ്‌കൂൾ വിട്ടു വന്നയുടനെ ഉമ്മയോടു പറഞ്ഞു. വാപ്പ അറിഞ്ഞാൽ പ്രശ്‌നമാകുമെന്ന മുന്നറിയിപ്പോടെ പോകാൻ അനുവാദം തന്നു. രവിശങ്കർ ആരാണെന്നൊന്നും ഉമ്മയ്‌ക്ക് അറിയില്ല. സംഗീതം എനിക്കു പ്രാണനാണെന്നു മാത്രമറിയാം. ആ നിലയ്‌ക്ക് വരുന്നത് എന്റെ പ്രാണന്റെ ഉസ്‌താദാണെന്നും മനസ്സിലാക്കിയിട്ടുണ്ടാകണം. പെട്ടിക്കകത്ത് ഒളിപ്പിച്ചിരുന്ന അത്തറെടുത്ത് ഉമ്മ എന്റെ കുപ്പായത്തിൽ പൂശിത്തന്നു. മുൻനിരയിലിരുന്നു പരിപാടി കേട്ടു. തിരികെ എത്തിയപ്പാൾ രാത്രി ഒരുപാടു വൈകി. പ്രതീക്ഷിച്ചപോലെ വാപ്പ എന്നെ കണക്കിനു തല്ലി’ - ഉമ്പായിയുടെ വാക്കുകളിൽ നൊമ്പരം. ‘മോൻ ഈ പാട്ടൊക്കെ മാറ്റി വയ്‌ക്കൂ. വാപ്പായ്‌ക്ക് അത് ഇഷ്‌ടമല്ലെന്നറിയാമല്ലോ’ - ഉമ്മ എന്നെ അനുനയിപ്പിക്കുമായിരുന്നു.

മെഹ്‌ബൂബ് ഭായിയുടെ സംഗീതം കൊച്ചിയെ വിരുന്നൂട്ടിയ കാലം. കായലിൽ കെട്ടുവള്ളങ്ങൾക്കകത്തുപാലും ദർബാർ ഒരുക്കി കരപ്രമാണിമാർ മെഹ്‌ബൂബിനെ പാടാൻ ക്ഷണിക്കുമായിരുന്നു. ഭായിയുടെ പാട്ടിനു തബല വായിക്കാൻ ഉമ്പായി പോയിത്തുടങ്ങി. ‘മോനെ, നിന്റെ വിരലിനു നല്ല നീളമുണ്ട്. ബോംബെയിൽ പോയാൽ തബല പഠിച്ച് രക്ഷപ്പെടാം.’- എന്നു മെഹ്‌ബൂബ് ഭായി ഉപദേശിക്കുമായിരുന്നു.

ഉമ്പായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കൊപ്പം

അങ്ങനെയിരിക്കെ പത്താംതരം തോറ്റു. സീമെൻ കോഴ്‌സിനു ചേരാൻ വാപ്പയുടെ സഹോദരനുമൊത്ത് വില്ലിങ്‌ടൺ ഐലൻഡിലെ വണ്ടിയാപ്പീസിൽനിന്നു മുംബൈയ്‌ക്കു യാത്ര തിരിക്കുമ്പാൾ ജോലിക്ക് അപ്പുറം മഹാനഗരത്തിന്റെ സംഗീതമായിരുന്നു മനസ്സു നിറയെ. അങ്ങനെ മുംബൈയിലെ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഉമ്പായി വിദ്യാർഥിയായി.

കൊച്ചിക്കാരനാണെങ്കിലും എനിക്കു നീന്തൽ വശമില്ല. ഈ കോഴ്‌സിനാകട്ടെ ആദ്യം നീന്തൽ പഠിക്കണം. വെള്ളത്തിൽ കൈകാലിട്ടടിക്കുന്ന ഉമ്പായിയോട് അവിടുത്തെ ഇൻസ്‌ട്രക്‌ടർ അബ്‌ദു റഹിമാൻ ചോദിച്ചു– നീയെന്താ വെള്ളത്തിൽ തബലയടിക്കുകയാണോയെന്ന്. അവിടെയും പഠനത്തിൽ പിന്നാക്കമായിരുന്നു. പാഠ്യേതരപ്രവർത്തനങ്ങളിൽ പുലർത്തിയ മികവാണ് ഉമ്പായിയെ തുണച്ചത്. അവിടെയും തോൽവി ആവർത്തിച്ചു. നാട്ടിലേക്കു മടങ്ങാനാകാത്ത സ്‌ഥിതി. എന്തുവന്നാലും മുംബൈയിൽ തുടരാൻ തീരുമാനിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ കാഷ്യറുടെ ജോലി കിട്ടി. അപ്പോഴേക്കും മദ്യപാനം ശീലമായിത്തുടങ്ങി. സക്കറിയ മസ്‌ജിദ് സ്‌ട്രീറ്റിലെ ഒരു ഗലിയിൽ ഒറ്റയ്‌ക്കായിരുന്നു താമസം.

ഇൻസ്‌റ്റിറ്റ്യൂട്ടിൽ സഹപാഠിയായിരുന്ന മാനിയ എന്ന സുഹൃത്തുമൊരുമിച്ച് വൈകുന്നേരങ്ങളിൽ ‘ഗഖാട്ടി’ - എന്ന ഗോവൻ മദ്യം അകത്താക്കി സംഗീതവും സൗന്ദര്യവും സമന്വയിക്കുന്ന മഹാനഗരത്തിന്റെ തെരുവുകളിൽ കാറ്റുപിടിച്ച പായ്‌ക്കപ്പൽപാലെ അലഞ്ഞൊഴുകി. ‘നഷ്‌ടബോധം എന്നെ വിടാതെ വേട്ടയാടി. തോൽവികൾ ആവർത്തിക്കാൻ തുടങ്ങിയതോടെ വല്ലാത്ത നിരാശാബോധവും’ - ഉമ്പായി പറയുന്നു. ‘സംഗീതം പഠിക്കാനുള്ള ആഗ്രഹം സ്വകാര്യമായ ഒരു നൊമ്പരമായി ഉള്ളിൽ അവശേഷിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മലബാർ ഹില്ലിലൂടെ നടക്കവേ എവിടെ നിന്നോ ഒഴുകിയെത്തിയ ക്ലാസിക്കൽ സംഗീതം എന്നെ അദ്‌ഭുതപ്പെടുത്തി. പാട്ടുകേട്ട ദിക്കിലേക്കു ഞാൻ ചെന്നു. പ്രായം ചെന്ന ഒരാൾ കുറച്ചു പെൺകുട്ടികളെ സംഗീതം പഠിപ്പിക്കുന്നു. ഞാൻ കുറെ നേരം അതു നോക്കി നിന്നു. ആരും ഒന്നും ചോദിച്ചില്ല. പതിവായി ആ സമയത്ത് ഞാൻ അവിടെ പോയിത്തുടങ്ങി. ഒരാഴ്‌ചയോളം ഈ നോക്കി നിൽപ്പു തുടർന്നു.

ഒരു ദിവസം അദ്ദേഹം എന്നെ അടുത്തേക്കു വിളിപ്പിച്ചു. മലബാറിയാണോ, പാട്ടു പാടുമോ എന്നൊക്കെ ചോദിച്ചു. എനിക്ക് അദ്ദ‌േഹം ലസി വാങ്ങിത്തന്നു. സംഗീതം പഠിപ്പിക്കാമെന്നേറ്റു. അങ്ങനെ എനിക്ക് ഒരു ഗുരുവിനെ കിട്ടി. ഉസ്‌താദ് മുജാവർ അലിഖാൻ. ‘നീ മദ്യപിക്കുമോ ? - ഒരു ദിവസം അദ്ദേഹം ചോദിച്ചു. ഞാൻ എന്റെ കഥ മുഴുവനും പറഞ്ഞു. ‘എല്ലാം ശരിയാകും’- അദ്ദേഹം തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഉമ്മയല്ലാതെ മറ്റൊരാൾക്കു കൂടി എന്നെ സ്‌നേഹിക്കാനാകുമെന്ന് അന്നു മനസ്സിലായി’- ഉമ്പായി പറയുന്നു. ഉമ്മയ്‌ക്കു സുഖമില്ലെന്നു കാണിച്ച് വാപ്പയുടെ കത്തുവന്നു. തിരിച്ചു നാട്ടിലേക്ക്. ഉമ്മയുടെ മരണം ഉമ്പായിയുടെ സ്വപ്‌നങ്ങളെ കശക്കിയെറിഞ്ഞു. ജീവിതത്തെയും. വീടുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച മട്ടായി. രാത്രികളിൽ കൽവത്തിയിലെ മദ്രസയുടെ തിണ്ണയിലും കമ്മാലക്കടവിലെ തണൽമരത്തിന്റെ ചുവട്ടിലുമായി ഉറക്കം. കൂട്ടിനു സംഗീതവും മദ്യവും.

ഉമ്പായിയും കുടുംബവും

(‘ചൗദവി കാ ചാന്ദ്.......’- കൈയിൽ ഉയർത്തിപിടിച്ച വലിയ മീനുമായി കുഴയുന്ന ശബ്‌ദത്തിൽ പാടി കാലുറയ്‌ക്കാതെ ഒരു പഴയ ചങ്ങാതി കടവിലേക്കു നടന്നടുക്കുന്നു. ‘ഉമ്പ കുടി നിറുത്തിയതിൽപിന്നെ പാഞ്ചിയുടെ ഷാപ്പിൽ പിന്നാരും അതു പോലെ പാടിയിട്ടില്ല’- ഉമ്പായി ലോകം അറിയുന്ന പാട്ടുകാരനായെങ്കിലും അവർക്കിന്നും പഴയ ഉമ്പ തന്നെ.)

ജോൺ ഏബ്രാഹാമാണ് ഇബ്രാഹിം എന്ന പേര് സൗകര്യപൂർവം ഉമ്പായി എന്നു തിരുത്തിയത്. ജോണുമായി ചേർന്ന് കൊച്ചിയെ ഉഴുതുമറിച്ചു കുറെക്കാലം. ജോണിന്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിൽ ‘നദിയാ കേ കിനാരേ മേരാ ഗാവ്....’ എന്നു തുടങ്ങുന്ന ഒരു ഗസൽ ഉമ്പായി പാടി.

ബോംബെയിൽവച്ചു ഹെവി ഡ്രൈവിങ് ലൈസൻസ് എടുത്തിരുന്നതു പിന്നീട് ഉമ്പായിക്കു തുണയായി. ഫോർട്ട് കൊച്ചിയിലെ ‘ഒ.കെ ഇൻഡസ്‌ട്രീസ് ’എന്ന ഫിഷറീസ് കമ്പനിയിൽ ഡ്രൈവറുടെ ജോലി കിട്ടി. മീൻ കയറ്റിയ ട്രക്കുമായി മംഗലാപുരത്തേക്കും മദ്രാസിലേക്കുമുള്ള യാത്രകളിൽ സ്‌റ്റിയറിങ്ങിൽ വിരലുകൾ കൊണ്ടു താളമിട്ട് ഉമ്പായി ഗസലുകൾ പാടി. കൂട്ടുപണിക്കാരായ ക്ലീനർമാരായിരുന്നു അക്കാലത്തെ ഏക ആസ്വാദകർ. അതിനിടെ വിവാഹം. വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന സ്‌ഥിതിയിലായി കാര്യങ്ങൾ. ‘കഷ്‌ടിച്ച് നിക്കാഹു നടക്കുന്ന സമയത്തു മാത്രമാണ് എനിക്കു ബോധമുണ്ടായിരുന്നത്’– കല്ല്യാണത്തലേന്നും പിറ്റേന്നുമൊക്കെ ലഹരിയിലായിരുന്നെന്ന് ഉമ്പായി.

ഒരു ദിവസം മീൻവണ്ടിയുമായി ഓട്ടം പോകാൻ ഒരുങ്ങവേ ഗണേശൻ എന്ന ഡ്രൈവർ ഒരു കത്തുമായി വന്നു. വാപ്പയുടെ കത്ത്, ഒന്നു കാണണമെന്നായിരുന്നു വാപ്പയുടെ ആഗ്രഹം. അൻപതിന്റെ രണ്ടു നോട്ടുകൾ എന്റെ നേരെ വച്ചു നീട്ടി. ഇതു വാപ്പയ്‌ക്കു കൊണ്ടുപോയി കൊടുക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ലെങ്കിലും ഗണേശൻ വിട്ടില്ല. എന്തു പ്രശ്‌നമുണ്ടേലും പിന്നീടാലോചിക്കാം. ഇപ്പോൾ ഈ പണം കൊടുത്തേ തീരൂവെന്ന് നിർബന്ധിച്ചു. ‘ഒടുക്കം ഉമ്മയെ ഓർത്ത് ആ ആത്മാവിനെ ഓർത്ത് ഞാൻ വാപ്പയെ പോയി കണ്ടു’- ഉമ്പായി പറയുന്നു. 1984 ആയപ്പോഴേക്കും ഫോർട്ട്‌കൊച്ചി ചുള്ളിക്കലുള്ള അബാദ് ഹോട്ടലിൽ ഗസൽ പാടാൻ ഉമ്പായിക്ക് അവസരം കിട്ടി. തുടർന്ന് എറണാകുളത്തെ അബാദ് ഹോട്ടലിലും.

‘മുംബൈ അധോലോകത്തിന്റെ വെടിയേറ്റു വീണ തക്യുദ്ദീൻ വാഹിദിനെ ഓർമയില്ലേ? ഈസ്‌റ്റ് വെസ്‌റ്റ് എയർലൈൻസിന്റെ എംഡി. മലബാർ ഹോട്ടലിൽ നടന്ന രാജ്യാന്തര ഭക്ഷ്യമേളയിൽ പാടാൻ എനിക്കു ക്ഷണമുണ്ടായിരുന്നു. അവിടെ അതിഥിയായെത്തിയ അദ്ദേഹത്തിന് എന്റെ പാട്ട് ഇഷ്‌ടപ്പെട്ടു. തുടർന്ന് ഈസ്‌റ്റ് വെസ്‌റ്റിന്റെ പരിപാടികളിൽ പാടാൻ അദ്ദേഹം അവസരമൊരുക്കി. മഹാനഗരത്തിലേക്കുള്ള എന്റെ രണ്ടാംയാത്ര രാജകീയമായിരുന്നു. ഡൽഹിയിലെ ‘ഹോളിഡേ ഇൻ’ ഹോട്ടലിലെ ഗസൽ സന്ധ്യ. എംപിമാരും മന്ത്രിമാരും വ്യവസായ പ്രമുഖരും തിങ്ങിനിറഞ്ഞ സദസ്, ചില ഹിന്ദി- ഉറുദു ഗസലുകൾ ഞാൻ പാടി. പലരും കരുതിയത് ഞാൻ ഏതോ ഉത്തരേന്ത്യക്കാരനായിരിക്കുമെന്നാണ്. മലയാളിയാണെന്നറിഞ്ഞപ്പോൾ ഏതെങ്കിലും മലയാളം ഗസൽ പാടണമെന്ന് സദസ്യർ ആവശ്യപ്പെട്ടു. വാസ്‌തവത്തിൽ മലയാളം ഗസലിനെപ്പറ്റി ഞാൻ അന്നുവരെ ആലോചിച്ചിരുന്നില്ല. ബാബുരാജ് ഈണം പകർന്ന ‘താമസമെന്തേ വരുവാൻ...’ എന്ന പാട്ടുപാടി അന്ന് അവിടെനിന്നു രക്ഷപ്പെട്ടു. അങ്ങനെയാണ് മലയാളത്തിൽ ഗസൽ ചിട്ടപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്’- ഉമ്പായി ഓർക്കുന്നു.

നാട്ടിൽ തിരിച്ചെത്തി എറണാകുളത്തെ ഫ്രൈസ് റസ്‌റ്റാറന്റിൽ അല്ലറ ചില്ലറ പണികളുമായി കൂടിയ കാലം. അവിടെ വെയിറ്ററായി ജോലി ചെയ്‌തിരുന്ന ആനന്ദ് എന്ന ചെറുപ്പക്കാരനാണ് മലയാളത്തിൽ ഗസൽ എഴുതാൻ കഴിയുന്ന കവിയെന്നു പറഞ്ഞ് വേണു വി.ദേശത്തെ പരിചയപ്പെടുത്തിയത്. അങ്ങനെ ആദ്യ മലയാളം ഗസൽ ആൽബം ‘പ്രണാമം’ പുറത്തിറങ്ങി. ഹസ്രത് ജയ്‌പുരി രചിച്ച ‘ആദാബ്’- എന്ന ഹിന്ദി ഗസൽ ആൽബം അതിനു മുൻപെ ഇറങ്ങിയിരുന്നു.

ഫ്രൈസിന്റെ ഉടമ അസൈർ കലാസ്വാദകനാണ്. അദ്ദേഹവും ഉമ്പായിയെ സഹായിച്ചു. പിന്നെ കാലം തെളിഞ്ഞു. ‘ഓർമകളിൽ മെഹ്‌ബൂബ്’, യൂസഫലി കേച്ചരിയെഴുതിയ ‘ഗസൽ മാല,’ ‘ഒരു മുഖം മാത്രം’- തുടങ്ങി ഉമ്പായി പുറത്തിറക്കിയ ആൽബങ്ങൾ ഗസൽ പ്രേമികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഉമ്പായിക്കു തിരക്കേറി. ജീവിതം പച്ചപിടിച്ചു. ഉത്തരവാദിത്തമുള്ള കുടുംബനാഥന്റെ സ്‌ഥാനത്തുനിന്ന് രണ്ടു പെൺമക്കളെയും വിവാഹം ചെയ്‌തയച്ചു. മലയാളികളെ ഗസലിൽ മയക്കിയുള്ള ഗാനജീവിതം പറഞ്ഞുനിർ‌ത്തി.