Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗസൽ ചക്രവർത്തി ഉമ്പായി അന്തരിച്ചു; മലയാളിയെ പാടിയുണർത്തിയ സൈഗാൾ

Umbayee ഉമ്പായി

കൊച്ചി∙ ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം– 68) വിടപറഞ്ഞു. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മൃതദേഹം മട്ടാഞ്ചേരിയിലെ വസതിയിലെത്തിച്ചു. നാളെ കൽവത്തി ഹാളിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് 3.30ന് കബറടക്കും. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു.

Read Also: ഗസൽ പോലെ ഉമ്പായിയുടെ ജീവിതം...

Read Also: കടലിന്റെ ശ്രുതിയിൽ ഗസലിന്റെ രാജകുമാരൻ

ഫോർട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മക ഗസൽ‌ പോലെ സമ്പന്നമാണ്. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പാൾ തബലയാടായിരുന്നു താൽപര്യം. എങ്ങനെയും ഒരു തബലിസ്‌റ്റാകാനായിരുന്നു മോഹം. ‘സ്വന്തമായി ഒരു റേഡിയോ പോലും വീട്ടിലില്ലായിരുന്നു. സ്‌കൂൾ വിട്ടാൽ മട്ടാഞ്ചേരി സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേൾക്കാൻ. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോർഡ് സ്‌റ്റാർ തിയറ്ററിൽവയ്‌ക്കുമായിരുന്നു. സിലാൺ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷാപ്പിലും പതിവായി ഞാൻ പോകുമായിരുന്നു. ഇന്നും ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓർമയിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്’ - ഉമ്പായിയുടെ വാക്കുകൾ.