Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ ഗായകന് കൊച്ചി യാത്രാമൊഴി ചൊല്ലി

umbayi. ഗസൽ ഗായകൻ ഉമ്പായിയുടെ മൃതദേഹം ഫോർട്ട്കൊച്ചി കൽവത്തി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു.

ഫോർട്ട്കൊച്ചി ∙ മലയാളത്തിന്റെ പ്രിയ ഗസൽ ഗായകൻ ഉമ്പായിക്ക് കണ്ണീരോടെ യാത്രാമൊഴി. സംസ്ഥാന ബഹുമതിയോടെ മൃതദേഹം കബറടക്കി. സുഹൃത്തുക്കളും സാംസ്കാരിക, രാഷ്ട്രീയ, സാമുദായിക രംഗങ്ങളിലെ പ്രമുഖരും സംഗീത പ്രേമികളുമടക്കം ആയിരങ്ങളാണ് ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ച കൽവത്തി കമ്യൂണിറ്റി ഹാളിലെത്തിയത്. 

രാവിലെ എട്ടരയോടെ കൂവപ്പാടത്തുള്ള ഉംബായീസ് ഗസലിൽനിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോൾ കുടുംബാംഗങ്ങളും നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടുന്ന ജനാവലി കണ്ണീരൊഴുക്കി. ഫോർട്ട്കൊച്ചി ബീച്ചിനു സമീപമുള്ള സർക്കാർ റെസ്റ്റ് ഹൗസിൽ അഞ്ചു മിനിറ്റ് മൃതദേഹം കിടത്തിയ ശേഷമാണ് പൊതുദർശനത്തിനായി കൽവത്തി കമ്യൂണിറ്റി ഹാളിൽ എത്തിച്ചത്. കമ്യൂണിറ്റി ഹാളിൽ രാവിലെ മുതൽതന്നെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടം കാത്തുനിന്നിരുന്നു. കൊച്ചിയുടെ പ്രിയ ഗായകനെ ഒരുനോക്കു കാണുന്നതിനായി ആരാധകരുടെ നീണ്ട നിര. 

മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി, സംഗീത സംവിധായകൻ എം.കെ. അർജുനൻ, എംഎൽഎമാരായ ഹൈബി ഈഡൻ, കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, വി.കെ. ഇബ്രാഹിംകു‍ഞ്ഞ്, എം. സ്വരാജ്, വി.ഡി. സതീശൻ, മേയർ സൗമിനി ജെയിൻ, കലക്ടർ മുഹമ്മദ് സഫിറുല്ല, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി. സുഭാഷ്, ഗസൽ ഗായകൻ ഷഹബാസ് അമൻ, ഐജി പി. വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശ്, മുൻ എംഎൽഎമാരായ സി.എം. ദിനേശ്മണി, ഡൊമിനിക് പ്രസന്റേഷൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, എം.എം. ലോറൻസ്, നടന്മാരായ സാജൻ പള്ളുരുത്തി, കലാഭവൻ ഹനീഫ്, ഗായകരായ അഷ്റഫ് ഹൈദ്രോസ്, അഫ്സൽ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. 

മുഖ്യമന്ത്രിക്കും സർക്കാരിനുംവേണ്ടി ആർഡിഒ എസ്. ഷാജഹാൻ റീത്ത് സമർപ്പിച്ചു. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി കൽവത്തി ജുമാ മസ്ജിദിലേക്കു പുറപ്പെട്ടത്. ഗസൽ സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഗായകനായിരുന്നു ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.