Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ ഉമ്പായി അന്തരിച്ചു

കൊച്ചി ∙ മട്ടാഞ്ചേരിയിലെ തെരുവുകളിൽ നിന്നു മലയാളത്തിന്റെ ഗസൽ ചക്രവർത്തിപദത്തിലേക്കുയർന്ന ഗായകൻ ഉമ്പായി (പി.എ. ഇബ്രാഹിം–68) ഓർമയായി. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് 4.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. രാത്രി ഫോർട്ട് കൊച്ചി കൂവപ്പാടം ശാന്തിനഗർ കോളനിയിലെ ഉമ്പായീസ് ഗസൽ എന്ന വീട്ടിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ 10നു കൽവത്തി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. മൂന്നരയ്ക്കു കൽവത്തി ജുമാ മസ്ജിദിൽ കബറടക്കം.

മൂന്നു മാസം മുമ്പ് അവസാനഘട്ടത്തിൽ മാത്രമാണ് ഉമ്പായിയുടെ രോഗം തിരിച്ചറിയാനായത്. തിങ്കളാഴ്ചയാണു ഗുരുതരാവസ്ഥയിലായത്. തുടർന്നു സാന്ത്വന പരിചരണത്തിന്റെ സൗകര്യം കണക്കിലെടുത്തു മൂത്തമകളുടെ ആലുവയിലെ വീടിനടുത്ത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഭാര്യ ഹഫീസ. മക്കൾ: ഷൈല, സബിത, സമീർ. മരുമക്കൾ: നിഷാദലി, നൗഫൽ.

ഫോർട്ട് കൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടിൽ അബു–പാത്തുമ്മ ദമ്പതികളുടെ മകനായി 1950 ജൂൺ 10നു ജനിച്ച ഉമ്പായിയുടെ ജീവിതം ആകസ്മികതകൾ നിറഞ്ഞതായിരുന്നു. ഉമ്പായിയുടെ സംഗീതാഭിരുചിയെ പിതാവ് അനുകൂലിച്ചില്ല. പരീക്ഷകളിൽ തോറ്റു സ്കൂളിനോടു വിടപറഞ്ഞ മകനെ ഇലക്ട്രീഷ്യനായി മാറ്റാൻ അദ്ദേഹം മുംബൈയിൽ അമ്മാവന്റെ അടുത്തേക്കയച്ചു. ഇതായിരുന്നു ഉമ്പായിയുടെ ജീവിതം മാറ്റിമറിച്ചത്. 

മുംബൈയിൽ കണ്ടുമുട്ടിയ ഉസ്താദ് മുനവറലി ഖാൻ ഉമ്പായിയെ ശിഷ്യനായി സ്വീകരിച്ചു. ഏഴു വർഷം അദ്ദേഹത്തിനു കീഴിൽ സംഗീതം പഠിച്ചതോടെ ഉമ്പായി പൂർണമായും മാറി. സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. 

ഹോട്ടലിൽ ഗായകനായി കഴിഞ്ഞിരുന്ന വേളയിൽ വേണു വി. ദേശത്തെ കണ്ടുമുട്ടുകയും ആദ്യ ആൽബം ‘പ്രണാമം’ പുറത്തിറക്കുകയും ചെയ്തതോടെയാണ് ഉമ്പായിയുടെ ജീവിതം വീണ്ടും വഴി മാറുന്നത്. ഒഎൻവി കുറുപ്പ്, യൂസഫലി കേച്ചേരി, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിതകൾ ഉമ്പായിയുടെ ശബ്ദത്തിൽ ആൽബങ്ങളായി പുറത്തിറങ്ങി. ഇരുപതോളം ആൽബങ്ങൾ പുറത്തിറക്കിയ ഉമ്പായി ‘നോവൽ’ എന്ന സിനിമയ്ക്കു സംഗീതവും പകർന്നു. തന്റെ ജീവിതത്തിന് എന്തെങ്കിലുമൊരു സന്ദേശമുണ്ടെങ്കിൽ അത് ‘ചെളിക്കുണ്ടിൽ കിടക്കുന്ന ജീവിതത്തെ പിടിച്ചുയർത്താൻ കലയ്ക്കും സംഗീതത്തിനുമാകും’ എന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.