ഹോട്ടലുകളിൽ ബീയർ ഉൽപാദനം: എക്സൈസ് വകുപ്പിന്റെ അഭിപ്രായം തേടി സർക്കാർ

തിരുവനന്തപുരം∙ ഹോട്ടലുകള്‍ക്ക് സ്വന്തമായി ബീയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള മൈക്രോ ബ്രൂവറി സ്ഥാപിക്കുന്നതിനെക്കുറിച്ച് എക്സൈസ് വകുപ്പിന്റെ അഭിപ്രായം തേടി സര്‍ക്കാര്‍. നേരത്തെ മൈക്രോ ബ്രൂവറിക്ക് അനുകൂലമായി എക്സൈസ് കമ്മിഷണര്‍ പഠന റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും വകുപ്പിന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. വിഷയത്തില്‍ എക്സൈസ് വകുപ്പിന്റെ അഭിപ്രായം അറിയാനാണ് ഒരാഴ്ച മുമ്പ് ഫയല്‍ കമ്മിഷണര്‍ ഓഫിസിലേക്ക് അയച്ചത്. 

ഒരിടവേളയ്ക്കുശേഷം എക്സൈസ് വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞതോടെ മൈക്രോ ബ്രൂവറികള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമായ നിലപാടിലേക്കെത്തിയതായാണ് വിലയിരുത്തല്‍. മൈക്രോ ബ്രൂവറികള്‍ തല്‍ക്കാലം വേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ സര്‍ക്കാര്‍. മൈക്രോ ബ്രൂവറി ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഓഗസ്റ്റ് മാസത്തിലാണ് പത്തോളം ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചത്. വ്യത്യസ്ത രുചികളില്‍ സ്വന്തം ബ്രാന്‍ഡായി ബീയര്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിലവിൽ മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അറിയിച്ച എക്സൈസ് വകുപ്പിനോട് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെ മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ചു ലൈസന്‍സ് ഫീസ്, നിയമങ്ങള്‍, വിപണി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു. കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കാമെന്നും ഇത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാൻ സഹായിക്കുമെന്നുമായിരുന്നു എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. തുടക്കത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും പിന്നീട് നടപടികള്‍ സ്തംഭിച്ചു. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ എതിര്‍പ്പുണ്ടാകാനിടയുള്ളതിനാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്നു സര്‍ക്കാര്‍ നിലപാടെടുത്തു.

ഒരാഴ്ച മുമ്പാണ് ബ്രൂവറികളെ സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ എക്സൈസ് വകുപ്പിനോട് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ മദ്യനയത്തിന് അനുസരിച്ച് മൈക്രോ ബ്രൂവറികളുടെ വിഷയം പരിശോധിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. 

വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് അനുകൂലമാണ് സര്‍ക്കാര്‍ നിലപാടെന്നറിയുന്നു. ഹോട്ടലുകള്‍ സ്വന്തം നിലയ്ക്ക് ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ഥ രുചികളിലുള്ള ബീയറിന് ഉയര്‍ന്ന ഗുണനിലവാരവും അതിനനുസരിച്ച് ഉയര്‍ന്ന വിലയുമായിരിക്കും. ഉല്‍പ്പാദനവും പരിമിതമായിരിക്കും. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നു.