മലബാര്‍ സിമന്റ്സ്: ഫയലുകൾ കാണാതായതിൽ കോർട്ട് ഓഫിസർക്ക് വീഴ്ച

കൊച്ചി∙ മലബാര്‍ സിമന്റ്സ് കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍നിന്നു കാണാതായതില്‍ കോര്‍ട്ട് ഒാഫിസര്‍ക്കു വീഴ്ചയെന്ന് ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാര്‍. റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിനു സമര്‍പ്പിച്ചു. ഫയല്‍ നീക്കം നിരീക്ഷിക്കാൻ‍ സിസിടിവി സംവിധാനം വേണമെന്നും റജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കോടതിയില്‍ കേസെത്താതിരിക്കാന്‍ ഫയലുകള്‍ മുക്കിയ സംഭവത്തില്‍ വീഴ്ച കോര്‍ട്ടോഫിസര്‍ക്കെന്നാണ് വിജിലന്‍സ് റജിസ്ട്രാറുടെ കണ്ടെത്തല്‍. ഫയലുകള്‍ എവിടേക്കു പോയെന്നതു സംബന്ധിച്ചു കൃത്യമായ വിവരങ്ങളില്ല. ആരെങ്കിലും മനപ്പൂര്‍വം ഇതിനായി ശ്രമിച്ചോ എന്നകാര്യവും വിജിലന്‍സ് റജിസ്ട്രാര്‍ പരിഗണിച്ചിട്ടുണ്ട്. മൂന്നു സെറ്റ് ഫയലുകള്‍ കാണാതായതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഫയല്‍ നീക്കം പരിശോധിക്കാന്‍ സംവിധാനങ്ങളില്ലാത്തതും റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനുള്ള പരിഹാരമെന്ന നിലയില്‍ ഒഫിസില്‍ സിസിടിവി ക്യാമറയും ഫയല്‍ നീക്കം രേഖപ്പെടുത്താന്‍ സ്ഥിരസംവിധാനവും റജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അന്വേഷണം രണ്ടു കോര്‍ട്ട് ഒാഫിസര്‍മാര്‍ക്കെതിരെയായിരുന്നു. ഇതില്‍ ഒരാള്‍ക്കു തൃപ്തികരമായ വിശദീകരണം നല്‍കാനാകാത്തതിനെ തുടര്‍ന്നാണു നടപടിക്കു ശുപാര്‍ശ ചെയ്തത്. ഫയല്‍ നഷ്ടപ്പെട്ടത് 2018ല്‍ തന്നെയാണെന്നും വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലബാര്‍ സിമന്റ്സ് അഴിമതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഊഴം കാത്തു നിന്നിട്ടും ഹര്‍ജികള്‍ പരിഗണനയ്ക്കെത്താത്തതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായി ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണു ഫയലുകള്‍ കാണാതായതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.