സാമ്പത്തിക പ്രതിസന്ധി: ഓണച്ചെലവിന് 5,400 കോടി വായ്പ തേടി സർക്കാർ

തിരുവനന്തപുരം∙ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും ഓണച്ചെലവിനായി വായ്പയെടുക്കാൻ സംസ്ഥാനസർക്കാർ. 5,400 കോടി രൂപയാണ് ഓണക്കാലത്തെ ആവശ്യങ്ങൾക്കായി സർക്കാരിനു വേണ്ടത്. ഇതിൽ 2,300 കോടി രൂപ സഹകരണബാങ്കുകളിൽനിന്നു വായ്പയെടുത്തു പ്രതിസന്ധി മറികടക്കാനാണു നീക്കം. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ വായ്പയെടുക്കുന്നത് അപകടമാണെന്നു സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ക്ഷേമ പെന്‍ഷന് 2,300 കോടിയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3,200 കോടിയുമാണ് ആവശ്യം. ഓണത്തിനു നല്‍കുന്ന രണ്ടുമാസത്തെ ശമ്പളത്തില്‍ രണ്ടാമത്തേത് 15ന് ശേഷം എടുക്കാം എന്നാല്‍ കുറച്ചുപേരെങ്കിലും മുന്‍കൂര്‍ ശമ്പളം എടുക്കില്ലെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കില്‍ ചെലവില്‍ 500 കോടി കുറയും.

ക്ഷേമപദ്ധതികള്‍ക്കും ക്ഷേമബോര്‍ഡുകള്‍ക്കുമായി 400 കോടി നല്‍കണം. കൂട്ടിക്കിഴിച്ച് വരുമ്പോള്‍ ഓണം കടന്നുകിട്ടാന്‍  5,400 കോടിവേണം. 2,300 കോടിരൂപയുടെ അധികചെലവ് സഹകരണബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പരിഹരിക്കും. പത്താം തീയതിയോടെ ഈ തുക കിട്ടും. കടമെടുപ്പ് സര്‍ക്കാരിനെ ബാധിക്കാതിരിക്കാന്‍ പ്രത്യേകകമ്പനി രൂപീകരിച്ചാകും വായ്പയെടുക്കുക. നേരത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാന്‍ സഹകരണബാങ്കുകളില്‍ നിന്ന് 600 കോടി രൂപ എടുത്തിരുന്നു

അതേസമയം, കടമെടുപ്പ് സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കില്ലെന്നാണു ധനവകുപ്പ് പറയുന്നത്. ഓണ ചെലവിന് എടുക്കുന്ന വായ്പയുടെ പലിശ എല്ലാ മാസം ഒന്നാം തീയതി നല്‍കും. എപ്പോള്‍ ആവശ്യപ്പെട്ടാലും വായ്പാത്തുക മടക്കിനല്‍കുമെന്നും ധനവകുപ്പ് പറയുന്നു.