തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും രണ്ടുതട്ടിൽ; സഖ്യം തകരുമെന്ന് ബിജെപി

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ബെംഗളുരു∙ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം വീണ്ടും പ്രതിസന്ധിയിൽ. ഓഗസ്റ്റ് 29 ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഖ്യസർക്കാരിന്റെ നിലനിൽപ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും വെവ്വേറെ മൽസരിക്കാനാണു തീരുമാനം. പ്രാദേശിക തലത്തിൽ പ്രവർ‌ത്തകരുടെ വികാരം കൂടി കണക്കിലെടുത്താണു തീരുമാനം.

ഇത് കോൺഗ്രസ്– ജെഡിഎസ് കക്ഷികൾ തമ്മിൽ നിലവിലുള്ള ബന്ധത്തിൽ വിള്ളൽ‌ വീഴ്ത്താനിടയാക്കുമെന്നാണ് ചില നേതാക്കളുടെ ആശങ്ക. 29 മുനിസിപ്പാലിറ്റികളിലെ 927 വാർഡുകളിലും 51 ടൗണ്‍ മുനിസിപ്പാലിറ്റികളിലെ 1,247 വാർഡുകളിലും 23 ടൗൺ പഞ്ചായത്തുകളിലെ 400 വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ്. ബാക്കിയുള്ള 105 ഇടങ്ങളിലെ തിരഞ്ഞെടുപ്പ് പിന്നീടു നടത്തും.

ഇരു പാർട്ടികളിലെയും ചില നേതാക്കൾ പ്രാദേശിക തലത്തിലും സഖ്യം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും പാർട്ടി നേതൃത്വങ്ങൾ അത് അംഗീകരിച്ചില്ലെന്നാണു വിവരം. ജെഡിഎസ്– കോൺഗ്രസ് ഐക്യത്തിൽ പ്രാദേശിക തലത്തിൽ പ്രവർത്തകർ പൂർണമായും സന്തോഷത്തിലല്ല. ഇരുപാർട്ടികളും ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പ്രവർത്തകർ ബിജെപിയിലേക്കു പോകാൻ സാധ്യതയുണ്ടെന്നും പാർട്ടി നേതൃത്വങ്ങൾ ഭയപ്പെടുന്നു. ഇതിനു മുൻപ് ഇരു പാർട്ടികളുടെയും സഖ്യ സർക്കാരുകൾ കർണാടകയിൽ ഭരണം നടത്തിയിരുന്നപ്പോഴും പ്രാദേശിക തിരഞ്ഞെടുപ്പിൽ വെവ്വേറെയായിരുന്നു മൽ‌സരം.

തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തിൽ തീരുമാനം ജില്ലാ നേതൃത്വങ്ങൾക്ക് വിട്ടിരിക്കുകയാണെന്നും സംസ്ഥാന നേതൃത്വം ഇതിൽ ഇടപെടാമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. റോഡ്, വെള്ളം തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കുക. രാഷ്ട്രീയ പ്രശ്നങ്ങൾക്കും തത്വങ്ങൾക്കും അവിടെ പ്രാധാന്യമില്ല. കോൺഗ്രസിനും ജെഡിഎസിനും ശക്തമായ സ്വാധീനം പ്രാദേശിക തലത്തിലുണ്ട്. ചിലയിടങ്ങളിൽ‌ സീറ്റ് പങ്കുവച്ചാലും ഞങ്ങൾക്ക് അതിൽ യാതൊരു എതിർപ്പുമില്ല. ബിജെപി അല്ലാതെ ഏതു പാർട്ടികളുമായും ഞങ്ങൾക്ക് ധാരണകളുണ്ടാക്കാനാകും– ഗുണ്ടുറാവു വ്യക്തമാക്കി.

ജെഡിഎസ് തലവനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും സഖ്യനീക്കത്തിന് എതിരാണ്. അതേസമയം പ്രാദേശിക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ്– ജെഡിഎസ് സഖ്യം തകരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ വോട്ടു ചെയ്യുമെന്ന് ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു.