ഉരുട്ടിക്കൊലക്കേസ് പ്രതികൾക്കായുള്ള സേനയിലെ പിരിവ് ഡിജിപി വിലക്കി

തിരുവനന്തപുരം∙ ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ച പ്രതികളായ പൊലീസുകാർക്കുവേണ്ടി സേനയിൽ പണപ്പിരിവു നടത്തരുതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശിക്ഷിക്കപ്പെട്ട അ​ഞ്ച് ഉദ്യോഗസ്ഥർക്കുവേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും എല്ലാ ഉദ്യോഗസ്ഥരിൽനിന്നും പണം പിരിക്കുന്നത് അറിഞ്ഞതോടെയാണ് അതു വിലക്കി ഡിജിപി ഉത്തരവിറക്കിയത്. നടപടി തികച്ചും ക്രമവിരുദ്ധമാണെന്നു ഡിജിപി വ്യക്തമാക്കി.

എന്നാൽ, പൊലീസുകാരുടെ ശമ്പളത്തിൽനിന്നു നേരിട്ടു പണം പിടിക്കുന്നതിനു പകരം അസോസിയേഷൻ ഭാരവാഹികൾ അവരെ നേരിൽ കണ്ടു ഫണ്ട് പിരിവു തുടരുന്നുണ്ട്.

ശിക്ഷിക്കപ്പെട്ട അഞ്ചുപേരിൽ സർവീസിലുണ്ടായിരുന്ന സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ എഎസ്ഐ കെ.ജിതകുമാർ, നർകോടിക് സെൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.വി.ശ്രീകുമാർ എന്നിവർക്കു വധശിക്ഷയാണ്. ഇരുവരും പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇവരെ സേനയിൽനിന്നു പുറത്താക്കാൻ ഉത്തരവിട്ടിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കു മൂന്നുവർഷം തടവും പിഴയുമാണു ശിക്ഷ. അജിത്തിനെതിരെ നടപടി ശുപാർശ ചെയ്തു ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി ശിക്ഷിച്ച പ്രതികൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതു ശരിയല്ലെന്നു ഡിജിപി വ്യക്തമാക്കി.

പൊലീസുകാരുടെ ശമ്പളത്തിൽനിന്നു നേരിട്ടു പണം പിടിക്കാൻ ഒരു യൂണിറ്റ് മേധാവിയും അനുവാദം നൽകരുത്. ഇത്തരം പണപ്പിരിവിനെ പ്രോൽസാഹിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയിൽ പ്രതികൾക്ക് അപ്പീൽ നൽകി കേസ് നടത്തിപ്പിനു വൻ തുക വേണ്ടിവരുമെന്നാണ് അസോസിയേഷൻ നേതാക്കളുടെ വിലയിരുത്തൽ.

മാത്രമല്ല, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പൊലീസുകാരനു സ്വന്തമായി വീടില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ആ കുടുംബം. കോടതി വിധി വന്നപ്പോൾത്തന്നെ തലസ്ഥാനത്തെ മിക്കവാറും എല്ലാ പൊലീസുകാരും ഉദ്യോഗസ്ഥരും പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. തുടർന്നു ജയിലിലും ഒട്ടേറെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. അതിനാൽ ഡിജിപിയുടെ വിലക്കുണ്ടെങ്കിലും പ്രതികളെ സഹായിക്കാൻതന്നെയാണ് അസോസിയേഷനുകളുടെയും ഒരു വിഭാഗം പൊലീസുകാരുടെയും തീരുമാനം.