കള്ളത്തരങ്ങള്‍ പറഞ്ഞ് അപമാനിച്ചു; ബംഗാള്‍ ഗുജറാത്ത് അല്ല: അമിത് ഷായോട് തൃണമൂൽ

അമിത് ഷാ, മമതാ ബാനർജി

കൊൽക്കത്ത∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബംഗാളിൽ ശനിയാഴ്ച നടത്തിയ പ്രസംഗത്തിനു മറുപടിയുമായി തൃണമൂൽ കോൺഗ്രസ്. പ്രധാനമന്ത്രി നൽകിയ കോടികൾ ബംഗാളിലെ അഴിമതി നിറഞ്ഞ സർക്കാർ സംവിധാനങ്ങൾ കാരണം നഷ്ടമായെന്ന അമിത് ഷായുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് തൃണമൂൽ അറിയിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വാസ്യത വളരെ ഉയരത്തിലാണ്. ഇതൊന്നും ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. 24 മണിക്കൂറിനകം സംഭവത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാന്യതയുടെ സകലസീമകളും അമിത് ഷാ ലംഘിച്ചിരിക്കുന്നു. കള്ളത്തരങ്ങള്‍ പറഞ്ഞ് ബംഗാളിനെ അദ്ദേഹം അപമാനിച്ചു. ഗുജറാത്തിൽ നടപ്പാക്കുന്ന ഇത്തരം രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ലെന്നും ഒബ്രിയാൻ പ്രതികരിച്ചു. വോട്ടർമാരിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാനാണു അമിത് ഷാ ശ്രമിച്ചതെന്നും തൃണമൂൽ വ്യക്തമാക്കി.

കൊല്‍ക്കത്തയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ 26 മിനിറ്റ് നീണ്ട പ്രസംഗമാണ് അമിത് ഷാ നടത്തിയത്. പ്രസംഗത്തിലുടനീളം തൃണമൂല്‍ കോൺഗ്രസിനെയും മമത ബാനർജിയെയുമായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ലക്ഷ്യമിട്ടിരുന്നത്. ദേശീയ പൗരത്വ റജിസ്റ്ററിനെ മമത എതിർക്കുന്നതിനെയും അമിത് ഷാ വിമര്‍ശിച്ചു. വോട്ട് ബാങ്കിനെക്കാളും ബിജെപിക്കു പ്രധാനം രാജ്യമാണെന്നും എത്ര എതിർപ്പുണ്ടായാലും ദേശീയ പൗരത്വ റജിസ്റ്റർ നടപടികളിൽനിന്നു പിന്നോട്ടുപോകില്ലെന്നും ഷാ കൊൽക്കത്തയിൽ പറഞ്ഞു.