ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ ബിജെപിക്കു നഷ്ടമാകും: സർവേ

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ. കോൺഗ്രസ് ഇവിടങ്ങളിൽ മികച്ച നേട്ടമുണ്ടാക്കും. എബിപി ന്യൂസ് – സി വോട്ടർ നടത്തിയ അഭിപ്രായ സർവേയുടെ ഫലമാണിത്. എന്നാൽ മോദി പ്രഭാവത്തിലൂടെ പാർട്ടി 2019ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകളിൽ അനുകൂല തരംഗമുണ്ടാക്കുമെന്നും സർവേയിൽ കണ്ടെത്തി.

മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവേ. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 117 എണ്ണം കോൺഗ്രസ് നേടും. രാജസ്ഥാനിലെ 200 സീറ്റുകളിൽ 130ഉം ഛത്തിസ്ഗഢിലെ 90 സീറ്റുകളിൽ 54ഉം കോൺഗ്രസ് നേടും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പു വരുമ്പോൾ എല്ലാവരും ബിജെപിക്കായിരിക്കും വോട്ടു ചെയ്യുകയെന്നും സർവേ പറയുന്നു. ഈ മൂന്നു സംസ്ഥാനങ്ങൾക്കുമായി 65 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്കാണ് മുൻതൂക്കം. റേറ്റിങ് വളരെ പിന്നിലായി രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും!

അതേസമയം, ഈ മൂന്നു സംസ്ഥാനങ്ങളിലെ കുതിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിനു കരുത്തേകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

രാജസ്ഥാനിൽ ബിജെപിക്ക് 57 സീറ്റാണ് ലഭിക്കുകയെന്നു കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ബിജെപിക്കാകട്ടെ, 106 സീറ്റുകൾ ലഭിക്കും. ഛത്തിസ്ഗഢിൽ ബിജെപി 33 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.