അമിത് ഷായുടെ പിതാവിന്റെ പൗരത്വരേഖകളുണ്ടോ?; രൂക്ഷവിമർശനവുമായി മമതാ ബാനർജി

അമിത് ഷാ, മമതാ ബാനർജി

കൊൽക്കത്ത∙ ദേശീയ പൗരത്വ റജിസ്റ്റർ വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജനങ്ങളെ അസം സര്‍ക്കാർ ദ്രോഹിക്കുകയാണ്. നിരവധി പേര്‍ ഇപ്പോൾ തന്നെ തടവിലാണ്. പൗരത്വ റജിസ്റ്റർ നടപടികൾ സമാധാനപരമാണെങ്കിൽ പിന്നെന്തിനാണ് 400 കമ്പനി സൈനികർ അസമിലുള്ളതെന്നു കൊല്‍ക്കത്തയിൽ മമതാ ബാനർജി ചോദിച്ചു.

എൻആർസി സത്യത്തിൽ പൗരത്വത്തെച്ചൊല്ലിയുള്ള പ്രശ്നമാണ്. ഭാഷയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ പുറത്താക്കുകയാണ്. എൻആർസി ലിസ്റ്റിൽ ഇല്ലാത്ത 40 ലക്ഷം പേരില്‍ 38 ലക്ഷം ജനങ്ങളും ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദു–മുസ്‍ലിം വിഭാഗങ്ങളാണ്. എന്താണ് അവർ ചെയ്ത കുറ്റം?. ബംഗ്ലാ ഭാഷ സംസാരിക്കുന്നുവെന്നതാണ് അവർ ചെയ്ത കുറ്റം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്– മമത ആരോപിച്ചു.

അമിത്ഷായുടെ മാതാവിന്റെയും പിതാവിന്റെയും പൗരത്വ രേഖകൾ അമിത് ഷായുടെ കൈവശം ഉണ്ടോ?.വളരെക്കുറച്ചു പേരുടെ കൈവശം മാത്രമാണ് ഈ രേഖകളെല്ലാം ഉണ്ടാകുക. നാളെ ചിലപ്പോൾ മഹാത്മാ ഗാന്ധിയുടെ കുടുംബവും പൗരത്വരേഖകൾ കാണിക്കുന്നതിൽ പരാജയപ്പെടും. അങ്ങനെ വന്നാൽ അദ്ദേഹം ഇന്ത്യക്കാരനല്ലെന്നു കരുതുമോ?. സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്– മമതാ ബാനർജി വ്യക്തമാക്കി.

പ്രതിഷേധങ്ങളുണ്ടായാലും എൻആർസിയുമായി മുന്നോട്ടുപോകുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനർജി ബംഗ്ലദേശി കുടിയേറ്റക്കാരെ പിന്തുണയ്ക്കുകയാണെന്നായിരുന്നു അമിത് ഷായുടെ ആരോപണം.