സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരം; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തര മന്ത്രിയെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ട‌്– വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പാനദിയുടെ തീരത്തു രക്ഷാപ്രവർത്തനത്തിനു കൂടുതൽ ബോട്ടുകൾ എത്തിക്കാനും സർക്കാർ തീരുമാനിച്ചു. ദുരവസ്ഥയിൽ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല രീതിയിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രളയത്തിൽ ആകെ 67 മരണം ഓഗസ്റ്റ് 9 മുതൽ സംഭവിച്ചിരിക്കുകയാണ്. അണക്കെട്ടെല്ലാം തുറന്നുവിട്ടു. നദികൾ കരകവിഞ്ഞു. കുറച്ചുദിനങ്ങളും കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. രാവിലെ 12 ജില്ലകളിലായിരുന്നു റെഡ് അലർട്ട്. ഇപ്പോൾ സംസ്ഥാനത്ത് എല്ലായിടത്തും റെഡ് അലർട്ട് എന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലേക്കു വിമാനമിറങ്ങാൻ സാധിക്കാത്തതിനാൽ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾ ഉപയോഗിക്കാന്‍ നടപടികൾ വേണം. ഇവിടെ എത്തുന്നവർക്കു കൊച്ചിയിലെത്താൻ ബസ് സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനക്കമ്പനികളുമായി സിയാൽ അധികൃതർ ചർ‌ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.