പാളത്തിലേക്കു വെള്ളം കയറി, മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകുന്നു

കനത്ത മഴയിൽ ടെക്നോപാർക്കിലുണ്ടായ വെള്ളക്കെട്ട്.

കോട്ടയം∙ കനത്ത മഴയിൽ സംസ്ഥാനത്തു പലയിടത്തും റെയിൽ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണു ചില പാതകളിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തു ട്രെയിൻ ഗതാഗതം താളം തെറ്റുമെന്നാണു സൂചനകൾ. ഇപ്പോൾത്തന്നെ പല ട്രെയിനുകളും വൈകിയോടുകയാണ്. പല റൂട്ടുകളിലും ഗതാഗതം നിർത്തിവച്ചു. 

പാളത്തിലേക്കു വെള്ളം കയറിയതിനാൽ തിരുവനന്തപുരം–തൃശൂർ റൂട്ടിൽ ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. ചില റെയിൽവേ പാലങ്ങളിൽ വേഗതാ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി–അങ്കമാലി റെയിൽ പാളത്തിൽ വെള്ളം കയറിയതിനാൽ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 

നാഗർകോവിൽ–തിരുവനന്തപുരം സെക്‌ഷനിൽ കുഴിത്തുറൈയ്ക്കും ഇരണിയലിനും ഇടയിൽ പാളത്തിലേക്കു മണ്ണിടിഞ്ഞു വീണു.  കൊല്ലം–പുനലൂർ പാതയിൽ ഗതാഗതം പൂർണമായും നിർത്തിവച്ചു. കൊല്ലം–പുനലൂർ പാസഞ്ചർ (56336), കൊല്ലം–ചെങ്കോട്ട പാസഞ്ചർ(56336), ചെങ്കോട്ട–കൊല്ലം പാസഞ്ചർ(56335), കൊല്ലം–ഇടമൺ പാസഞ്ചർ(56335) എന്നിവ റദ്ദാക്കി. 56701 നമ്പർ പുനലൂർ–മധുര പാസഞ്ചർ പുനലൂരിനും കൊല്ലത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കി. കൊല്ലം ജംക്‌ഷനിൽ നിന്നായിരിക്കും ട്രെയിൻ പുറപ്പെടുക.

വൈകിയോടുന്ന ട്രെയിനുകൾ– 

ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ്(16128), കന്യാകുമാരി–മുംബൈ സിഎംടി എക്സ്പ്രസ് (16382), ദിബ്രുഗഢ്–കന്യാകുമാരി വിവേക് എക്സ്പ്രസ് (15906), ഗാന്ധിധാം–തിരുനൽവേലി ഹംസഫർ എക്സ്പ്രസ് (19424)

റദ്ദാക്കിയ ട്രെയിനുകൾ:

നാഗർകോവിൽ–കൊച്ചുവേളി(56318), കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ(56317)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:

തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ (56311) കുഴിത്തുറയ്ക്കും നാഗർകോവിലിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

∙ നാഗർകോവിലിനും കുഴിത്തുറയ്ക്കും ഇടയ്ക്ക് നാഗർകോവിൽ–തിരുവനന്തപുരം പാസഞ്ചർ (56310) ഭാഗികമായി റദ്ദാക്കി.

∙ നാഗർകോവിൽ–കോട്ടയം പാസഞ്ചർ (56304) നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.