‌‘സഹായിക്കൂ, ഈ പുഴയിൽ ഞങ്ങളൊടുങ്ങാതെ’: പാലത്തിനു കീഴെ പിഞ്ചുകുഞ്ഞുമായി ഒരമ്മ

കോട്ടയം ∙ ‘ആരും തിരിഞ്ഞു നോക്കുന്നില്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ ഈ വെള്ളക്കെട്ടില്‍ ഞങ്ങള്‍ ഒടുങ്ങും’- രണ്ടു വയസ്സുള്ള കുഞ്ഞിനെ കയ്യിലെടുത്ത് ഒരമ്മയുടെ ദീനരോദനമാണിത്. കൊടുംപ്രളയത്തില്‍ നാടാകെ മുങ്ങുമ്പോള്‍ പാറേച്ചാല്‍- തിരുവാതുക്കല്‍ ബൈപ്പാസ് മേല്‍പ്പാലത്തിന്റെ തൂണില്‍ തകരം കൊണ്ടു കെട്ടിമറച്ച കൂരയില്‍ ജീവന്‍ കയ്യില്‍പിടിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഒരു കുടുംബം. 

ജോബിനും കുടുംബവും താമസിക്കുന്ന തകരക്കൂര. ഉയർന്നുവരുന്ന വെള്ളം ഏതു നിമിഷവും ഷെഡിലേക്കു കയറാം.

നാലുചുറ്റും വെള്ളത്തിനു നടുവില്‍ രണ്ടുവയസ്സുള്ള കുഞ്ഞും ഭാര്യയും വൃദ്ധരായ മാതാപിതാക്കളുമായി, പോകാന്‍ മറ്റൊരിടമില്ലാതെ ദുരിതക്കയത്തിലാണ് ജോബിന്‍ എന്ന യുവാവ്. തോരാമഴയില്‍ ഓരോ അടി വെള്ളം ഉയരുമ്പോഴും ഇവരുടെ ചങ്കില്‍ തീയാണ്. കഴിഞ്ഞ എട്ടു മാസമായി പാലത്തിന്റെ തൂണില്‍ തകരപ്പാട്ടയും ടാര്‍പ്പോളിനും കൊണ്ടു കെട്ടിമറച്ച വീട്ടിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. വെള്ളം പൊങ്ങിയതോടെ കുഞ്ഞിനുള്ള ആഹാരവും മറ്റും വാങ്ങാനായി പുറത്തേക്കുപോലും കടക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. തൊട്ടടുത്തു കൂടി ഒഴുകുന്ന ചെറുപുഴയില്‍നിന്നു വെള്ളം കയറുന്നതോടെ എങ്ങോട്ടു പോകുമെന്ന് അറിയാത്ത അവസ്ഥയിലാണിവര്‍.  തൊട്ടുസമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതിലൈനും കടുത്ത ഭീഷണിയാണ്.

ഷെഡിനു പുറത്തുകിടക്കുന്ന വീട്ടുസാധനങ്ങൾ.

പാലത്തിനു സമീപത്തുള്ള വീട്ടിലാണ് മുമ്പ് ഇവര്‍ കഴിഞ്ഞിരുന്നത്. പാലത്തിന്റെ പൈലിങ്ങിനിടെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണതോടെയാണു ദുരിതം തുടങ്ങിയത്. പാലം പണി പൂര്‍ത്തിയാകുമ്പോള്‍ വീട്് വയ്ക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്ന അധികൃതരുടെ വാക്കു വിശ്വസിച്ചതാണ് ഇവര്‍ക്കു തിരിച്ചടിയായത്. പണി കഴിഞ്ഞതോടെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, 28-ാം വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ മീരാ ബാലു തുടങ്ങി പലര്‍ക്കു മുന്നിലും പരാതിയുമായി എത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി.

പൈലിങ്ങിനിടെ തകർന്ന വീടിന്റെ അവശിഷ്ടം.
പൈലിങ്ങിനിടെ തകർന്ന വീടിന്റെ അവശിഷ്ടം.