മഴ കുറഞ്ഞു; കോഴിക്കോടിന് ആശ്വാസം, ഒറ്റപ്പെട്ടവർ ആരുമില്ല

വെള്ളത്തിലായ കോട്ടൂളി – സരോവരം റോഡിലൂടെ ബോട്ടിൽ യാത്രക്കാരെ കൊണ്ടുവരുന്നു.

കോഴിക്കോട് ∙ ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസമെന്നു വിലയിരുത്തൽ. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയിരുന്നത് രണ്ടടിയാക്കിയതോടെ കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. നഗരത്തിൽ വെയിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടിനും ആശ്വാസമുണ്ട്. എന്നാൽ കുണ്ടൂപ്പറമ്പ്, കക്കോടി, മാവൂർ, കുന്നമംഗലം എന്നിവിടങ്ങളിൽ ഇപ്പോഴും വെള്ളംകയറിക്കിടക്കുകയാണ്. 

കോഴിക്കോട് ജില്ലയിൽ നിലവിൽ നാലു താലൂക്കുകളിലായി 266 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 6914 കുടുംബങ്ങളിലെ 23276 പേരാണ് ഇവിടെയുള്ളത്. കോർപറേഷൻ പരിധിയിൽ മാത്രം 40 ക്യാംപുകളിലായി 2949 കുടുംബങ്ങളിലെ 10,434 പേരെ പാർപ്പിച്ചിട്ടുണ്ട്.