മഴക്കെടുതിക്കിടെ ജർമനിയിൽ; യാത്ര ചുരുക്കി മടങ്ങുമെന്ന് മന്ത്രി കെ. രാജു

ബേൺ(ജർമനി) ∙ വിദേശയാത്ര വെട്ടിച്ചുരുക്കി ഉടൻ മടങ്ങിയെത്തുമെന്ന് വനം മന്ത്രി കെ.രാജു. മഴക്കെടുതിക്കിടെ കോട്ടയത്തിന്റെ ചുമതലയുള്ള അദ്ദേഹം ജർമനിയിലേക്കു തിരിച്ചത് വിവാദമായിരുന്നു. ഒരാഴ്ചത്തെ സന്ദർശനപരിപാടി ചുരുക്കി രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.

Read more at: അതിഥികള്‍ എത്തി; വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനത്തിന് ഇന്ന് തിരി തെളിയും

‘‘വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജർമനിയിൽ എത്തിയത്. എത്രയും പെട്ടെന്നു പരിപാടികളിൽ പങ്കെടുത്ത് തിരിച്ചു നാട്ടിലെത്തണം, ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീർത്ത് നാട്ടിൽ തിരിച്ചെത്താനാണ് തീരുമാനം. വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികളോട്  കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടു. അനുഭാവ നിലപാടെടുക്കുമെന്നാണ് ഭാരവാഹികൾ അറിയിച്ചത്.’’ – മന്ത്രി രാജു പറഞ്ഞു. 

ജർമനിയിലെ വിവിധ ദേവാലയങ്ങളിൽ ദുരിതാശ്വാസത്തിനുള്ള ഫണ്ട് പിരിവ് ആരംഭിച്ചതായും വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിൽ നിന്നു നാട്ടിലെത്തി നേരിട്ടു സഹായം ചെയ്യാനുള്ള കാര്യങ്ങളും  തീരുമാനിച്ചെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന  വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ടി.എം.ജേക്കബ് പറഞ്ഞു. യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ നിലവിലുണ്ട് എങ്കിലും സഹായവുമായി ഉടൻ നാട്ടിൽ എത്താമെന്ന പ്രതീക്ഷയിലാണ് വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ.

മന്ത്രി കെ.രാജുവിന് ജർമനിയിൽ നൽകിയ സ്വീകരണം.

ഇ.ടി. മുഹമ്മദ് ബഷീർ എംപിയും മന്ത്രി കെ.രാജുവിനൊപ്പം ജർമനിയിലുണ്ട്. കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മനിയിൽ പോയത് വിവാദമായിരുന്നു‍. ജർമനിയിലെ വേൾഡ് മലയാളി കൗൺസിലിന്റെ  സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് കെ.രാജു ജര്‍മനിയിലേക്ക് പോയത്. ഓഗസ്റ്റ് 17 മുതല്‍ 19വരെയാണ് സമ്മേളനം.