മഴക്കെടുതിയിൽ കേരളം‍, കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി കെ.രാജു ജര്‍മനിയില്‍

തിരുവനന്തപുരം∙ കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മനിയില്‍. ഒരു സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് കെ.രാജു ജര്‍മനിയിലേക്ക് പോയത്. മന്ത്രിക്കൊപ്പം മറ്റു പാര്‍ട്ടികളിലെ നേതാക്കളുമുണ്ട്. ഓഗസ്റ്റ് 17 മുതല്‍ 19വരെയാണ് സമ്മേളനം.

കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല മന്ത്രി കെ.രാജുവിനാണ്. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേ മന്ത്രി വിദേശത്തേക്ക് പോയതില്‍ പാര്‍ട്ടിയിലും വിമര്‍ശനമുണ്ട്. കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിനെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദഹം യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയായിരുന്നു. ചികില്‍സയ്ക്കായി 19ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രിയും യാത്ര ഒഴിവാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലാണ്. 

മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എംപിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുമാണ് ജര്‍മ്മനിയിലേക്കു പറന്നത്.  മന്ത്രി വി.എസ് സുനില്‍കുമാര്‍ വെള്ളിയാഴ്ച രാവിലെയും നാവികസേനയുടെ ഹെലികോപ്ടറില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു.

കൊല്ലം ജില്ലയിലെ പുനലൂരാണ് മന്ത്രിയുടെ മണ്ഡലം. ഇവിടെ മലയോര മേഖലകളില്‍ മഴയെത്തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മണ്ഡലം സന്ദര്‍ശിക്കാതെ വിദേശത്തേക്ക് പോയതിനെതിരെ നാട്ടുകാര്‍ക്കിടയിലും വിമര്‍ശനം ശക്തമാണ്. രാജുവിനോട് വിശദീകരണം ചോദിക്കാനാണ് സിപിഐ ആലോചിക്കുന്നത്.

ഇന്നലെ വൈകിട്ട് നാലു മണിക്കാണ് മന്ത്രി വിദേശത്തേക്ക് പോയതെന്നും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോള്‍ മഴ ശക്തമായിരുന്നില്ലെന്നും മന്ത്രിയുടെ ഓഫിസ് ‘ മനോരമ ഓണ്‍ലൈനോട് ’ പറഞ്ഞു. ഇന്ന് തന്നെ തിരിച്ചെത്താനാണ് മന്ത്രി ആലോചിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.