2 കോടി രൂപ സംഭാവന ചെയ്ത് എസ്ബിഐ; മിനിമം ബാലൻസ് പിഴ ഒഴിവാക്കി

തിരുവനന്തപുരം ∙ പ്രളയദുരന്തം കണക്കിലെടുത്ത് സംസ്ഥാനത്ത് പണമിടപാടുകൾക്കും വായ്പകൾക്കും ഇളവുകൾ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. നഷ്ടങ്ങളിൽ നിന്നു കരകയറുന്നതിനുള്ള വായ്പകൾക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഇൗടാക്കില്ല. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാൽ പിഴത്തുകയും അടയ്ക്കേണ്ട.

ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാർജും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒാൺലൈനായി പണം കൈമാറുന്നതിന് ഇനി ഫീസ് ഇല്ല. ദുരിതബാധിതർ ശാഖയിൽ വിളിച്ച് പണം ആവശ്യപ്പെട്ടാൽ പോയിന്റ് ഒാഫ് സെയിൽ മെഷീൻ വീട്ടിലെത്തിക്കും. 2000 രൂപ വരെ ഇങ്ങനെ പിൻവലിക്കാം.

തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് എസ്ബിഐ ശാഖയിൽ ഫോട്ടോ മാത്രം നൽകി അക്കൗണ്ട് ആരംഭിക്കാം. പഴ്സനൽ ലോണിന് യോഗ്യരായവർക്ക് അതിവേഗം വായ്പ അനുവദിക്കും. ദുരിത ബാധിതരായ ആരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ പിഴ ഇൗടാക്കില്ല. ഇൗടാക്കിയാൽ തിരികെ നൽകും. ദുരിത ബാധിതനാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കത്തു നൽകിയാൽ മതി.

രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്ബിഐ സംഭാവന ചെയ്തു. ഇതിനു പുറമെ 2.7 ലക്ഷം ജീവനക്കാരിൽനിന്നു സംഭാവന ശേഖരിക്കുന്നുണ്ട്. ഇൗ തുകയും എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേർത്ത് ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. പ്രളയം കാരണം പ്രവർത്തന രഹിതമായ എടിഎമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എസ്ബിഐ വ്യക്തമാക്കി.