രക്ഷാപ്രവർത്തനം സൈന്യത്തെ മാത്രം ഏൽപ്പിക്കുന്ന പതിവ് ഒരിടത്തുമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം∙ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈവിട്ടുപോകുന്ന സാഹചര്യം ഒരിടത്തും നിലവിലില്ല. ചെങ്ങന്നൂരിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവർക്കു ഭക്ഷണം എത്തിക്കാനും അവരെ രക്ഷപ്പെടുത്തി കൊണ്ടുവരാനുമുള്ള ശ്രമം പുരോഗമിക്കുകയാണ്. കുട്ടനാട് മേഖലയില്‍ മാത്രമാണ് ഇപ്പോഴും പ്രതിസന്ധി നിലനിൽക്കുന്നത്. മറ്റിടങ്ങളിലെല്ലാം കാര്യങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനം പൂർണമായും സൈന്യത്തെ ഏൽപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോടും മുഖ്യമന്ത്രി വിയോജിച്ചു. രാജ്യം പലവിധത്തിലുള്ള ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും രക്ഷാപ്രവർത്തനം സൈന്യത്തെ മാത്രമായി ഏൽപ്പിച്ചിട്ടില്ല. സവിശേഷ സാഹചര്യം നിലവിലുള്ള ജമ്മു കശ്മീരിൽ പോലും സംസ്ഥാന സർക്കാരും സൈന്യവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങൾ സിവിൽ ഭരണ സംവിധാനവും സൈന്യവും ഒരുമിച്ചാണ് നടത്തുക. സിവിൽ ഭരണ സംവിധാനത്തെ സഹായിക്കുകയാണു സൈന്യത്തിന്റെ ചുമതല. ഒരിടത്തും സൈന്യം മാത്രമായി ഒരു ദുരിതാശ്വാസ പ്രവർത്തനവും നടത്തിയിട്ടില്ല. അതു സാധ്യമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വെള്ളപ്പൊക്കവും കെടുതിയും കൃത്യസമയത്തു തന്നെ പ്രധാനമന്ത്രിയെയും എല്ലാ മന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അവർ കേരളം സന്ദർശിച്ചത്. 2000 കോടിയുടെ അടിയന്തര ആശ്വാസം കേന്ദ്രത്തോടു ചോദിച്ചു. വലിയ ദുരന്തം നേരിടേണ്ടിവരുമെന്നു തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഓണാഘോഷത്തിനുള്ള തുക രക്ഷാപ്രവർത്തനത്തിനു നീക്കിവച്ചു. ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ ദുരിതാശ്വാസത്തിന്റെ ഭാഗമാക്കി. ഇത് അടുത്തകാലത്തൊന്നും ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കമല്ല. അതുകൊണ്ടുതന്നെ ദുരിതാശ്വാസ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുക എന്നതു പ്രധാനമാണ്. ഈ ഘട്ടത്തിൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ചിലർ അഴിച്ചുവിടുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.