ഇടുക്കിയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; നാലു മരണം; 15 കെഎസ്ആർടിസി ജീവനക്കാർ രക്ഷപ്പെട്ടു

തൊടുപുഴ∙ ഇടുക്കി ജില്ലയിൽ രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലു പേർ മരിച്ചു. 15 കെഎസ്ആർടിസി ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണിക്കു സമീപം ഉപ്പുതോടിൽ ഇന്നലെ രാത്രി ഉരുൾപൊട്ടിയാണു ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലു പേർ മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായില്ല. അയ്യൻകുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണു മരിച്ചത്.

കട്ടപ്പന വെള്ളയാംകുടിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്നു പുലർച്ചെ 1.15നുണ്ടായ ഉരുൾപൊട്ടലിൽ 15 കെഎസ്ആർടിസി ജീവനക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബസുകൾ മണ്ണിനടിയിൽപ്പെട്ടു. ഈ ഭാഗത്തു പലയിടത്തും മണ്ണിടിച്ചിൽ. ആറു കെട്ടിടങ്ങൾ തകർന്നു. സമീപത്തെ വീടുകൾ ഒഴിപ്പിക്കുന്നു.

അതേസമയം, ഇടുക്കിയിൽ മഴ ശക്തമായി തുടരുകയാണ്. കുമളി, കട്ടപ്പന, ചെറുതോണി, പീരുമേട്, മൂന്നാർ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് – 2401.56 അടി. സെക്കൻഡിൽ 1.097 ലക്ഷം ലീറ്റർ വെള്ളമാണ് നീരൊഴുക്ക്. പുറത്തേക്കൊഴുക്കുന്നത് സെക്കൻഡിൽ 1.03 ലക്ഷം ലീറ്റർ വെള്ളം. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് –141.15 അടി.

അതിനിടെ, പീരുമേടിനു സമീപം അമ്പലംകുന്നിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി ഒരു സംഘം യുവാക്കളുടെ നിർബന്ധ പണപ്പിരിവ്. ഡിവൈഎഫ്ഐയുടെ പേരിലാണു പിരിവ്. പണം നൽകാത്തവരെ ഭീഷണിപ്പെടുത്തിയതായി പരാതി.