ട്രാക്കിൽ കുടുങ്ങിയവർക്ക് അഭയമായി ഇന്ത്യൻ റെയിൽവേ; ടവർ കാറിലെത്തി രക്ഷിച്ചു

റെയിൽവേ ആളുകളെ രക്ഷിക്കുന്നു

കൊച്ചി∙ വെള്ളപ്പൊക്കത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർക്ക് അഭയമായി റെയിൽവേയുടെ ടവർ കാർ. ആലുവയിൽ പാലത്തിന്റെ സ്ഥിതി പരിശോധിക്കാൻ പോയ സംഘമാണു വഴിയിൽ പാളത്തിന്റെ അരികിൽ കാത്തുനിന്നവരെ രക്ഷപ്പെടുത്തിയത്. അഞ്ച് തവണ ടവർ കാർ ഒാടിച്ചു ആയിരം പേരെയാണു സംഘം രക്ഷപ്പെടുത്തിയത്. 

ചൊവ്വര തുരുത്ത്, ചൊവ്വര, അങ്കമാലി സ്റ്റേഷനുകളിൽ ദിവസങ്ങളായി പുറത്തു കടക്കാൻ വഴിയില്ലാതെ വിഷമിച്ചിരുന്നവരെ സംഘം രക്ഷിച്ചു. കയർ കെട്ടിയാണു വീടിന്റെ മുകളിൽ നിന്നു ആളുകൾ ട്രാക്കിന്റെ വശങ്ങളിലെത്തിയതെന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ അരുൺ വിജയ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ ബോട്ടുകളും ടവർ കാറിലാണ് ഈ ഭാഗത്ത് എത്തിച്ചത്. സമീപ പ്രദേശങ്ങളിലുളളവരെല്ലാം വെള്ളം പൊങ്ങിയതോടെ സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തകരെ കാത്തിരിക്കുകയായിരുന്നു. ട്രെയിൻ ഗതാഗതമില്ലാത്തതിനാൽ എറണാകുളത്തേക്കോ ആലുവയിലേക്കോ രക്ഷപ്പെടാനും വഴിയില്ലായിരുന്നു.

ഇന്ന് വൈകിട്ട് പുറപ്പെട്ട പ്രത്യേക ട്രെയിൻ അങ്കമാലിയിൽനിന്നു എറണാകുളം വരെ റെയിൽവേ ട്രാക്കിന്റെ പരിസര പ്രദേശങ്ങളിലുളളവരെയെല്ലാം  രക്ഷിക്കും. സെക്‌ഷൻ എൻജീനിയർ ഉണ്ണികൃഷ്ണൻ, ഇലക്ട്രിക്കൽ എൻജീനിയർ കെ.എൻ.ശ്രീരാജ്, ഹെൽത്ത് ഇൻസ്പെകടർ അരുൺ വിജയ്, അയ്യപ്പൻ നായർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.